പത്തനംതിട്ട: മാരാമണ്ണിലെ റിസോർട്ടിലെ യുവതിയുടെ കൊലപാതകം കരുതിക്കൂട്ടിയുള്ള ആക്രമണമെന്നാണു പൊലീസിന്റെ നിഗമനം. പ്രതിയായ ജിത്തുവും കൊലചെയ്യപ്പെട്ട ദിൻഷ ഷാജിയും തമ്മിൽ മാസങ്ങളായി പരിചയമുണ്ട്.
ജിത്തു ജീവനക്കാരനായിരുന്ന ഹോട്ടലിനോടു ചേർന്ന് ദിൻഷ ഏവിയേഷൻ കോഴ്സ് പഠിക്കാനെത്തിയതോടെയാണു പരിചയത്തിന്റെ തുടക്കം. ദിൻഷ ഉപയോഗിക്കുന്ന ഫോണിലെ സിം ജിത്തു വാങ്ങി നൽകിയതായിരുന്നു. പിന്നീടു ദിൻഷയ്ക്കു മാരാമൺ റിസോർട്ടിൽ ജോലി ലഭിക്കുകയും താമസം സ്റ്റാഫ് ക്വാർട്ടേഴ്സിലേക്കു മാറ്റുകയും ചെയ്തു. ദിൻഷ ഫോണിൽനിന്നു മറ്റാർക്കോ അയച്ച സന്ദേശങ്ങളെക്കുറിച്ചുള്ള വാക്കുതർക്കമാണു കൊലപാതകത്തിനു കാരണമെന്നു ജിത്തു പറഞ്ഞതായി പൊലീസ് അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജിത്തു റിസോർട്ടിലെത്തിയത്. ഈ സമയം ദിൻഷ റിസപ്ഷനിൽ ഡ്യൂട്ടിയിലായിരുന്നു. ജിത്തു വിളിച്ചതു പ്രകാരം ദിൻഷ പുറത്തേക്കു വരികയായിരുന്നു. റിസോർട്ടിന്റെ പാർക്കിങ് സ്ഥലത്തെ ആൽത്തറയ്ക്കു സമീപത്തു നിന്നാണ് ഇരുവരും 20 മിനിറ്റോളം സംസാരിച്ചത്. ഇടയ്ക്കു ദേഷ്യത്തോടെ ജിത്തു ദിൻഷയോടു കയർത്തു സംസാരിച്ചിരുന്നെന്നു ജീവനക്കാർ പറഞ്ഞു. ഇതിനിടയിലാണു പാന്റിന്റെ പോക്കറ്റിൽ കരുതിയിരുന്ന ചെറിയ കത്തിയെടുത്തു കഴുത്തിൽ കുത്തിയത്. ആദ്യത്തെ കുത്തുകിട്ടിയ ദിൻഷ നിലത്തുവീണു. വീണുകിടന്ന ദിൻഷയുടെ കഴുത്തിൽ പിന്നീട് 5 തവണ കൂടി കുത്തിയതായാണു പൊലീസ് പറയുന്നത്.
റിസപ്ഷനു സമീപമുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം ഓടിയെത്തിയത്. ദിൻഷയെ ആശുപത്രിയിലേക്കു കൊണ്ടു പോകുമ്പോഴും ജിത്തു ആൽത്തറയിൽ തന്നെ ഇരിക്കുകയായിരുന്നു. മറ്റു ജീവനക്കാർ ചേർന്ന് ഇയാളെ പിടികൂടി കെട്ടിയിട്ടു. ജിത്തുവും ദിൻഷയും സംസാരിക്കുന്നതും ആക്രമിക്കുന്നതുമെല്ലാം റിസോർട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ആക്രമണശേഷവും ഇയാൾ കുറ്റബോധം കാണിച്ചിരുന്നില്ലെന്നും മുഖത്തു പകയായിരുന്നെന്നും ദൃക്സാക്ഷികൾ പറയുന്നു. പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തപ്പോഴും ദേഷ്യത്തിലായിരുന്നു ജിത്തു. കോയിപ്രം പൊലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ പിന്നീടു കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചു മെഡിക്കൽ പരിശോധന പൂർത്തിയാക്കി. തിരുവല്ല ഡിവൈഎസ്പി പി.ആർ.സന്തോഷ്, മല്ലപ്പള്ളി സിഐ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
കൊല്ലം കുളത്തൂപ്പുഴ സാംനഗർ കാഞ്ഞിരോടുകുന്ന് ദിൻഷ മൻസിലിൽ ഷാജി ഷീജ ദമ്പതികളുടെ മകളാണ് ഇരുപത് വയസ്സുകാരിയായ എസ്. ദിൻഷ. ആറു കുത്തേറ്റാണ് ദിൻഷയുടെ മരണം. കോഴഞ്ചേരി കീഴുകര സ്വദേശിയാണ് 27 വയസ്സുകാരനായ ജിത്തു. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും ആണ് ദിൻഷ മരിച്ചത്. ദിൻഷയുമായി പ്രണയത്തിലായിരുന്നെന്നു ജിത്തു പറഞ്ഞതായി പൊലീസ് പറയുന്നു. ഏവിയേഷൻ കോഴ്സ് പൂർത്തിയാക്കിയ ദിൻഷ പരിശീലനത്തിന്റെ ഭാഗമായി ഈ മാസം 11നാണു റിസോർട്ടിൽ ജോലിയിൽ പ്രവേശിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
