വിജയവാഡ: യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് കനാലിൽ തള്ളിയ കേസിൽ ഇറച്ചിക്കട ഉടമ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ മംഗളഗിരി സ്വദേശിനിയായ കല്യാണി (35) ആണ് കൊല്ലപ്പെട്ടത്. മുഹമ്മദ് ഷാഫി (35) ആണ് അറസ്റ്റിലായത്.
സെപ്റ്റംബർ 18 ന് ഇബ്രാഹിംപട്ടണത്തെ ഒരു കനാലിന് സമീപം തലയില്ലാത്ത ഉടൽ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സ്ഥലത്തെത്തിയ ഇബ്രാഹിംപട്ടണം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഡ്രോണുകളുടെയും എൻഡിആർഎഫ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ പൊലീസ് സംഘം കനാലിൽ നടത്തിയ തിരച്ചിലിൽ യുവതിയുടെ തലയും കാലുകളും മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തുകയായിരുന്നു. ഒരു കൈ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കണ്ടെത്തിയ ശരീരഭാഗങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
അജ്ഞാത മൃതദേഹത്തിന്റെ വിവരങ്ങൾ ചിത്രങ്ങൾ ഉൾപ്പടെ പുറത്തുവന്നതോടെ, യുവതിയുടെ സഹോദരൻ കയ്യിലെ ടാറ്റൂവും മറ്റ് അടയാളങ്ങളും തിരിച്ചറിഞ്ഞ് മരിച്ചയാൾ കല്യാണി ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഷാഫി അറസ്റ്റിലായത്. സെപ്റ്റംബർ 17 ന് മുഹമ്മദ് ഷാഫിയുടെ ഭവാനിപുരത്തുള്ള വീട്ടിൽ വച്ചാണ് കല്യാണി കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തിൽ തെളിഞ്ഞെന്ന് അസിസ്റ്റന്റ് കമ്മിഷണർ (വെസ്റ്റ് സോൺ) എൻ.എസ്.വി.കെ ദുർഗ്ഗ റാവു പറഞ്ഞു.
ഇറച്ചി കട നടത്തുന്ന മുഹമ്മദ് ഷാഫി, ഭാര്യയെയും കുട്ടികളെയും ഗുണ്ടൂരിലേക്ക് അയച്ച ശേഷം കല്യാണിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പണവും പ്രതിയുടെ കുടുംബത്തിന്റെ സംരക്ഷണയിലായിരുന്ന കല്യാണിയുടെ കുട്ടിയെയും ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി.
തുടർന്ന് ഷാഫി കത്തികൊണ്ട് കല്യാണിയെ ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം തിരിച്ചറിയാതിരിക്കാനും ഒളിപ്പിക്കുന്നത് എളുപ്പമാക്കാനും ഷാഫി കല്യാണിയുടെ തലയും കാലുകളും മറ്റു ശരീരഭാഗങ്ങളും മുറിച്ചുമാറ്റിയെന്നും പൊലീസ് പറഞ്ഞു. ഇവ പിന്നീട് ഗോല്ലാപ്പുടി പ്രദേശത്തെ കനാലിൽ കൊണ്ടുപോയി തള്ളുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ, സാങ്കേതിക അന്വേഷണം, മറ്റ് തെളിവുകൾ എന്നിവ ഷാഫിയെ തിരിച്ചറിയാൻ നിർണായകമായെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന കത്തിയും അന്വേഷണത്തിനിടെ കണ്ടെടുത്തിട്ടുണ്ട്.
പ്രതിയുടെ സുഹൃത്തായ അബ്ദുള്ള ദുർഗ്ഗ റാവുവിനെയും കേസിൽ പങ്കാളിയായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ നിലവിൽ ഒളിവിലാണെന്നും, അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കല്യാണിയുടെ മകൻ നിലവിൽ ഷാഫിയുടെ ഭാര്യയുടെ സംരക്ഷണയിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കുട്ടിയുടെ സംരക്ഷണ ചുമതല സംബന്ധിച്ച് അധികൃതർ നിയമോപദേശം തേടുകയാണെന്നും, ഐസിഡിഎസ് വകുപ്പിന് കൈമാറുന്നതിനുള്ള സാധ്യത പരിഗണനയിലാണെന്നും പൊലീസ് അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
