സുഹൃത്തിനെ തീകൊളുത്തി കൊല്ലാൻ ശ്രമം; 5 വർഷം ഒളിവിൽക്കഴിഞ്ഞ യുവാവിന് ഒടുവില്‍ തടവുശിക്ഷ

News Desk
1 Min Read

സിംഗപ്പൂരിൽ വ്യക്തിവൈരാഗ്യത്തെ തുടർന്ന് ബാല്യകാല സുഹൃത്തിനെ തീകൊളുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതിക്ക് 12 മാസം തടവുശിക്ഷ വിധിച്ചു.
വ്യക്തിവൈരാഗ്യത്തിന്‍റെ പേരില്‍ ബാല്യകാല സുഹൃത്തിനെ തീകൊളുത്തി രാജ്യം വിട്ട യുവാവിന് സിംഗപ്പൂർ കോടതി 12 മാസം തടവുശിക്ഷ വിധിച്ചു.

മുപ്പത്താറുകാരനായ ഡൊനോവൻ ഡോറൻ ചുങ് യി പെങ്ങിനാണ് ശിക്ഷ. ആക്രമണത്തിന് ശേഷം നാടുവിട്ട ഇയാള്‍ അഞ്ചുവര്‍ഷത്തോളം ഒളിവിലായിരുന്നു. ചുങ്ങിന്‍റെ മര്‍ദനമേറ്റ മുൻ കാമുകിക്ക് നഷ്ടപരിഹാരമായി 785.35 സിംഗപ്പൂർ ഡോളർ (ഏകദേശം 49,000 രൂപ) നൽകാനും, വീഴ്ച വരുത്തിയാൽ അധിക തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.

2019 ഓഗസ്റ്റ് 24-ന് പുലർച്ചെ സിംഗപ്പൂരിലെ യൂനോസിലുള്ള വർക്ക്‌ഷോപ്പിലാണ് അക്രമം അരങ്ങേറിയത്. കാർപെന്ററായ സുഹൃത്തുമായി ഉണ്ടായ തർക്കത്തെത്തുടർന്ന്, ചുങ്ങും തോ വെയ് ടിയോങ് (44) എന്ന സുഹൃത്തും വർക്ക്‌ഷോപ്പിൽ അതിക്രമിച്ചു കയറി. അവിടെയുണ്ടായിരുന്ന സീലർ സ്പ്രേയും ലൈറ്ററും ഉപയോഗിച്ച് കാര്‍പെന്‍ററായ സുഹൃത്തിന്റെ ദേഹത്ത് തീകൊളുത്തുകയും വർക്ക്‌ഷോപ്പിന് തീയിടുകയും ചെയ്തു.

പൊള്ളലേറ്റ് പുറത്തിറങ്ങി ഓടിയ നിലത്തുവീണ യുവാവിന്‍റെ ദേഹത്തെ തീ തുണിയുപയോഗിച്ച് അണയ്ക്കാന്‍ തോ വെയ് ടിയോങ് ശ്രമിച്ചു. തുടർന്ന് പരിക്കേറ്റയാളെ ഭീഷണിപ്പെടുത്തിയ ശേഷം സംഘം സ്ഥലംവിട്ടു. പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് സിംഗപ്പൂർ സിവിൽ ഡിഫൻസ് ഫോഴ്സിനെ വിവരമറിയിക്കുകയും തീയണയ്ക്കുകയും ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിന് മൂന്ന് ശസ്ത്രക്രിയകളും സ്കിൻ ഗ്രാഫ്റ്റിങ്ങും ചെയ്യേണ്ടിവന്നു.

മണിക്കൂറുകൾക്കകം ചുങ്ങും തോയും വുഡ്‌ലാൻഡ്‌സ് ചെക്ക്‌പോയിന്റ് വഴി രാജ്യം വിട്ടു. ഇവർക്കായി സിംഗപ്പൂർ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. തായ്‌ലൻഡിൽ ഒളിവിൽ കഴിഞ്ഞിരുന്ന ചുങ്ങിനെ അവിടുത്തെ പോലീസ് പിടികൂടി 2024 ഓഗസ്റ്റ് 28-ന് സിംഗപ്പൂരിലേക്ക് തിരിച്ചയച്ചു. നാട്ടിലെത്തിയപ്പോൾ അറസ്റ്റിലായ ഇയാൾക്ക് പിന്നീട് ജാമ്യം ലഭിച്ചു. ജാമ്യത്തിലിറങ്ങിയ സമയത്ത് അവിഹിതബന്ധം ആരോപിച്ച് അന്നത്തെ കാമുകിയെ ക്രൂരമായി മർദിച്ചതിനും ചുങ്ങിനെതിരെ കേസെടുത്തിരുന്നു. ആക്രമണക്കേസിലെ കൂട്ടുപ്രതിയായ തോ വെയ് ടിയോങ് 2025 മേയിൽ തിരിച്ചെത്തിയപ്പോൾ അറസ്റ്റിലാവുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article