റായ്പുർ: ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള എയിംസ് ആശുപത്രിക്ക് മുന്നിൽ കാർ അപകടത്തിൽ മുപ്പത്തിനാലുകാരൻ ദാരുണമായി കൊല്ലപ്പെട്ടു. പ്രണയബന്ധവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. തത്തിബന്ധ് ഉദയ സൊസൈറ്റിയിലെ താമസക്കാരനായ പരംപ്രീത് സിങ് ആണ് മരിച്ചത്.
ദൃക്സാക്ഷികൾ നൽകുന്ന വിവരമനുസരിച്ച്, ഒരു യുവതി കാറിൽ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇവിടെവച്ച് യുവതിയുടെ കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തും പരംപ്രീത് സിങ്ങും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കത്തിനൊടുവിൽ യുവതി കാറിനുള്ളിൽ കയറി വാഹനം മുന്നോട്ട് എടുക്കാൻ തുടങ്ങിയതോടെ, അവരെ തടയാനായി പരംപ്രീത് ഓടിച്ചെന്ന് കാറിന്റെ മുകളിൽ പിടിച്ചു.
എന്നാൽ വാഹനം നിർത്താൻ തയാറാകാതിരുന്ന പുരുഷ സുഹൃത്ത് കാർ ഓടിച്ചുപോവുകയായിരുന്നു. അൽപം ദൂരം മുന്നോട്ട് പോയതോടെ നിയന്ത്രണം നഷ്ടപ്പെട്ട പരംപ്രീത് ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിൽ നിന്നും റോഡിലേക്ക് വീണു. കാറിന്റെ പിൻചക്രം കയറിയിറങ്ങിയായിരുന്നു മരണം. അപകടത്തിനു ശേഷം കാർ നിർത്താതെ ഓടിച്ചു പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ പരംപ്രീത് സംഭവസ്ഥലത്ത് മരണപ്പെട്ടു.
സംഭവത്തിൽ ഉൾപ്പെട്ട യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് അതീവ രഹസ്യമായി ചോദ്യം ചെയ്തുവരികയാണ്. ഒളിവിൽ പോയ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യാനായി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും കൂടുതൽ സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയും അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
