സ്പൈസ്ജെറ്റ് വിമാനത്തിലെ എസി തകരാറിലായി: യാത്രക്കാര്‍ ദുരിതത്തിലായത് മണിക്കൂറുകളോളം

News Desk
1 Min Read

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനത്തിലെ എസി തകരാറിലായതോടെ യാത്രക്കാര്‍ ദുരിതത്തിലായത് മണിക്കൂറുകളോളം. കടുത്ത ചൂടും വെന്റിലേഷന്റെ അഭാവവും കാരണം വിമാനത്തിനുള്ളിൽ ശ്വാസം മുട്ടുന്ന അവസ്ഥയായിരുന്നെന്നും ഗ്യാസ് ചേംബറിന് സമാനമായ സാഹചര്യമായിരുന്നുവെന്നും യാത്രക്കാർ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1ൽ നിന്ന് രാത്രി 9.45ന് പുറപ്പെടേണ്ടിയിരുന്ന SG-105 എന്ന സ്പൈസ്ജെറ്റ് വിമാനത്തിലാണ് സംഭവം. വിമാനം പുറപ്പെടുന്നത് രാത്രി 10.30ലേക്ക് മാറ്റിവെച്ചിരുന്നു. എന്നാൽ യാത്രക്കാരെ വിമാനത്തിനുള്ളിൽ കയറ്റിയതിന് ശേഷമാണ് എസി പ്രവർത്തിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്.

“എസി ഉടൻ പ്രവർത്തിക്കുമെന്നും വിമാനത്തിനുള്ളിലെ ചൂട് കുറയുമെന്നുമാണ് ഞങ്ങൾ കരുതിയത്. എന്നാൽ എല്ലാവരും വിയർത്തൊലിക്കുന്ന അവസ്ഥയിലായിരുന്നു. 150ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്”- യാത്രക്കാരനായ ലെഹ്പാൽ ജാവൽഗെ പറഞ്ഞു.

യാത്രക്കാരും ക്യാബിൻ ക്രൂവും കടുത്ത ചൂടിൽ വയുമ്പോള്‍ പൈലറ്റുമാർ വിമാനം ടേക്ക് ഓഫിനായി റൺവേയിലേക്ക് നീക്കുകയായിരുന്നു. ഗർഭിണികളും കുട്ടികളും പ്രായമായവരും അടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും ഭീതിയിലായി.

കുട്ടികൾ കരയാൻ തുടങ്ങിയതോടെ യാത്രക്കാർ പ്രതിഷേധമുയർത്തിയെങ്കിലും ശാന്തരായിരിക്കാനാണ് ക്യാബിൻ ക്രൂ നിർദേശിച്ചത്. തുടർന്ന് പരാതികൾ ശക്തമായതോടെ എസിക്ക് പകരം ബ്ലോവറുകൾ ഓൺ ചെയ്തു. ഇതോടെ ചൂടുറ്റ കാറ്റ് വിമാനത്തിനുള്ളിലേക്ക് അടിച്ച് സ്ഥിതി കൂടുതൽ വഷളാവുകയും വിമാനം ഒരു ‘ഗ്യാസ് ചേംബർ’ പോലെയായി മാറുകയും ചെയ്തുവെന്ന് ഒരു യാത്രക്കാരന്‍ പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article