ചെന്നൈ: തമിഴ്നാട്ടിൽ അധികാരംപിടിച്ച തമിഴക വെട്രി കഴകം നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ചെലവിട്ടത് 19.81 കോടി രൂപ മാത്രം. ഭരണംനഷ്ടമായ ഡി.എം.കെ. ഇതിന്റെ പത്തിരട്ടി തുകയാണ് ചെലഴിച്ചത്.
തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ കണക്കുകളനുസരിച്ച് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഡി.എം.കെ. 197.85 കോടി രൂപയും അണ്ണാ ഡി.എം.കെ. 112.40 കോടി രൂപയും ബി.ജെ.പി. 51.56 കോടി രൂപയുമാണ് ചെലവിട്ടത്. ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ട ടി.വി.കെ.യുടെ പ്രചാരണച്ചെലവ് തീരേ കുറവായിരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പത്രങ്ങളും ടെലിവിഷനും റേഡിയോയുമടക്കമുള്ള മാധ്യമങ്ങളിലെ പരസ്യത്തിനാണ് ടി.വി.കെ. ഏറ്റവുംകൂടുതൽ പണം ചെലവിട്ടത് -6.34 കോടി രൂപ. ഇതിൽ 1.79 കോടി രൂപ ചെലവിട്ടത് മന്ത്രി ആധവ് അർജുനയുടെ കമ്പനി വഴിയാണ്. പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ജോസഫ് വിജയ് സ്വകാര്യവിമാനത്തിലെ യാത്രയ്ക്ക് 3.54 കോടി രൂപ ചെലവാക്കി. പൊതുയോഗങ്ങൾക്ക് 2.06 കോടി രൂപ ചെലവിട്ടു. ലഘുലേഖകൾക്കും പോസ്റ്ററുകൾക്കും മറ്റുമായി 40.54 ലക്ഷം രൂപയും.
തിരഞ്ഞെടുപ്പിൽ സാമൂഹികമാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിനാണ് ടി.വി.കെ. ഊന്നൽ നൽകിയത്. എന്നാൽ ഈയിനത്തിൽ ചെലവൊന്നും കാണിച്ചിട്ടില്ല. സ്ഥാനാർഥികൾക്ക് പാർട്ടി പണംനൽകിയതായും കണക്കിൽ പറയുന്നില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
