ട്രെയിനിലെ സീരിയൽ കില്ലർ പിടിയിൽ; എത്തുന്നത് ഉദ്യോഗസ്ഥരുടെ വേഷത്തിൽ

News Desk
2 Min Read

പട്ന: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽനിന്നും യാത്രക്കാരെ  ഭീഷണിപ്പെടുത്തി പണം വാങ്ങുകയും അപായപ്പെടുത്തുകയും ചെയ്യുന്ന യുവാവ് പിടിയിൽ. ബിഹാറിലെ ബക്സറിൽ നിന്നുമാണ് രോഹിത് എന്ന പ്രതിയെ റെയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ബിഹാറിലെ വൈശാലി നിവാസിയായ നിതിൻ കുമാറിന്റെ (21) മരണവുമായി ബന്ധപ്പെട്ടാണ് രോഹിത് തിവാരി അറസ്റ്റിലായത്. രോഹിത് സമാനമായ കുറ്റകൃത്യങ്ങൾ മുൻപും ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.

പണം ആവശ്യപ്പെട്ടശേഷം ഇരകളെ ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിയുന്നതാണ് രോഹിതിന്റെ ശീലം. സെപ്റ്റംബർ 19 ന് ദനാപൂർ സ്പെഷൽ ട്രെയിനിൽ ഹൈദരാബാദിലേക്ക് പോയ നിതിൻ കുമാറാണ് രോഹിതിന്റെ ഇരയായത്.

ട്രെയിനിൽ വച്ച് നിതിന്റെ കൈകാലുകൾ കൂട്ടിക്കെട്ടിയാണ് രോഹിത് പുറത്തേക്ക് തള്ളിയത്. അതേസമയം നിതിന്റെ കുടുംബത്തോട് 17,000 രൂപ ഫോണിലൂടെ ആവശ്യപ്പെടുകയും ചെയ്തു. ട്രെയിനിൽ പുകവലിച്ചതിനുള്ള പിഴയാണ് ഈ തുക എന്നാണ് കുടുംബത്തോട് പറഞ്ഞത്. പണം ഓൺലൈനിലൂടെ കുടുംബം അയച്ചുകൊടുത്തു. പണം ലഭിച്ചെങ്കിലും നിതിൻ കുമാറിന്റെ മൃതദേഹം കൈകാലുകൾ കയർകൊണ്ട് ബന്ധിച്ച നിലയിൽ ബക്സറിൽനിന്നും ലഭിച്ചു.

നിതിന്റെ മരണത്തിൽ കുടുംബം പൊലീസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബക്സർ റെയിൽവേ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. 2024ലും സമാനമായ രണ്ട് കുറ്റകൃത്യങ്ങൾ ബക്സറിൽ നടന്നായി കണ്ടെത്തി. രണ്ടുപേരെ ട്രെയിനിൽനിന്നും തള്ളിയിട്ട് പരുക്കേൽപ്പിച്ച കേസിൽ പ്രതിയായ രോഹിത് രണ്ട് മാസം മുൻപ് ജയിലിൽനിന്നും പുറത്തിറങ്ങിയെന്ന് മനസ്സിലാക്കിയ പൊലീസ് അന്വേഷണം ഊർജിതമാക്കി.

തുടർന്ന് വാരാണസിയിൽനിന്നും രോഹിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം സെപ്റ്റംബർ 9 ന് ബിഹ്തയ്ക്കും ദനാപുർ റെയിൽവേ സ്റ്റേഷനുകൾക്കുമിടയിയിൽ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൈലാഷ് കുമാറിന്റെ മരണത്തിലും രോഹിതിനു പങ്കുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വേഷപ്രച്ഛന്നനായിട്ടാണ് രോഹിത് ട്രെയിനിൽ കയറുന്നത്. പൊലീസ്, ആർപിഎഫ് ഉദ്യോഗസ്ഥരായും റെയിൽവേ ഉദ്യോഗസ്ഥനായും ഇയാൾ വരും. ശേഷം വാതിലിനു അടുത്തായി ഒറ്റയ്ക്ക് നിൽക്കുന്നവരെ ലക്ഷ്യമിടും. ഭിന്നശേഷിക്കാരെയും കുട്ടികളെയും ഇയാൾ പണം തട്ടിയെടുക്കാൻ ഇരയാക്കിയിട്ടുണ്ട്. പലപ്പോഴും ലഹരി ഉപയോഗിച്ചവരയൊണ് ലക്ഷ്യമിട്ടിരുന്നത്. ട്രെയിനുകളിൽ പുകവലിക്കുന്നതിന് പിഴ ചുമത്തുന്നതും ഇയാളുടെ പതിവായിരുന്നു. പണം നൽകാൻ മടിക്കുന്നവരെ ആക്രമിക്കുന്നതായിരുന്നു പതിവ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!