പത്തനംതിട്ട: മാട്രിമോണി സൈറ്റുകളില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി സ്ത്രീകളെ ചതിച്ച് പണം തട്ടുന്ന വിരുതന്‍ അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം വീരമംഗലം കൂരിക്കാട്ടില്‍ വീട്ടില്‍ അന്‍സാര്‍ (40) നെയാണ് പത്തനംതിട്ട സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തി വരികയായിരുന്നു.
സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ സുമുഖരായ ചെറുപ്പക്കാരുടെ ഫോട്ടോകള്‍ ഉപയോഗിച്ച് പ്രതി വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുകയും മാട്രിമോണിയല്‍ സൈറ്റുകളില്‍ പരസ്യം നല്‍കി സ്ത്രീകളെ വഞ്ചിച്ച് പണം തട്ടുകയുമായിരുന്നു ഇയാളുടെ രീതി. പ്രതിയുടെ മൊബൈല്‍ നമ്പറുകള്‍, സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.
മലപ്പുറം, മഞ്ചേരി പോലീസ് സ്റ്റേഷനുകളിലും സമാന കുറ്റകൃത്യത്തിന് അന്‍സാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയെ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പത്തനംതിട്ട സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ. പി ശ്രീജിത്ത്, എസ് ഐ. ആര്‍ നിഥിന്‍, എ എസ് ഐ. വി സി സുരേഷ്, സി പി ഒ. ആര്‍ അരുണ്‍ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
