ഇറാനെ ആക്രമിക്കാൻ ഇസ്റാഈൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്; ആരെയും എതിർക്കുമെന്ന് നെതന്യാഹു

malayalampress
1 Min Read
  • വാർത്തകൾക്കിടെ പരമോന്നത നേതാവ് മുജ്തബ ഖമനെയി നിർണായക നീക്കങ്ങൾ ആരംഭിച്ചു

ടെഹ്‌റാൻ: ഇറാനെ സാമ്പത്തികമായി സമ്മർദ്ദത്തിലാക്കാനാണ് പദ്ധതിയെന്ന ട്രംപിൻ്റെ നിലപാട് തള്ളി ഇറാനെ ആക്രമിക്കാൻ ഇസ്റാഈൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇറാനെ ആണവായുധം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച നെതന്യാഹു, ആവശ്യമെങ്കിൽ ആരെയും എതിർക്കുമെന്നും പ്രഖ്യാപിച്ചു. ഹോർമുസ് തുറക്കാൻ ഉപാധികൾ മുന്നോട്ടുവെച്ച ഇറാൻ കടലിടുക്ക് കൈകാര്യം ചെയ്യാനുള്ള ബില്ലിന്റെ രൂപ രേഖയ്ക്ക് അംഗീകാരം നൽകി. അമേരിക്കയ്ക്ക് വേണ്ടി ആയുധ ഉൽപ്പാദനം വർധിപ്പിക്കാൻ പെൻ്റഗൺ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

ഇറാനെ ആക്രമിക്കുന്ന കാര്യത്തിലും ഗസ സമാധാന പദ്ധതിയിലും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ‍് ട്രംപിനെ പൂർണമായും തള്ളുകയാണ് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെ ആണവായുധം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച ബെഞ്ചമിൻ നെതന്യാഹു, ആവശ്യമെങ്കിൽ ആരെയും എതിർക്കുമെന്നും പ്രഖ്യാപിച്ചു. ആക്രമണം കുറച്ച് ഇറാനെ സാമ്പത്തികമായി സമ്മർദ്ദത്തിലാക്കി കരാറിലെത്താൻ നിർബന്ധിതരാക്കുകയാണ് പദ്ധതിയെന്ന് ട്രംപ് പറഞ്ഞിരുന്നു. അമേരിക്കയുടെ പിന്തുണ കാക്കാതെ ഇസ്റാഈൽ ഇറാനെ ആക്രമിക്കുമെന്നാണ് സൂചന.

അതേസമയം, ഇസ്റാഈൽ ആക്രമണം തുടരുമെന്ന വാർത്തകൾക്കിടെ പരമോന്നത നേതാവ് മുജ്തബ ഖമനെയി നിർണായക നീക്കങ്ങൾ ആരംഭിച്ചു. ഇറാന്റെ ഉന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് മുഹമ്മദ് ബാഗെർ സോൽഖാദിറിനെ മാറ്റി. സോൽഖാദിറിനെ മൊജ്തബയുടെ രാഷ്ട്രീയ ഉപദേശകനായും നിയമിച്ചു. ഐആർജിസി മുൻ കമാൻഡർ മൊഹ്സിൻ റസായി ആണ് സുരക്ഷാ കൗൺസിലിന്റെ പുതിയ സെക്രട്ടറി.

ഇറാൻ നിർദേശിച്ച ഉപാധികളോടെ ഹോർമുസിൽ പുതിയ കപ്പൽപ്പാത തുറക്കാൻ ഒമാനുമായുള്ള കരാർ അന്തിമ ഘട്ടത്തിലായെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസിൻ്റെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള പൊതുരൂപരേഖയ്ക്കും ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ-വിദേശനയ സമിതി അംഗീകാരം നൽകി. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ അമേരിക്കയ്ക്ക് വേണ്ടി ആയുധ ഉൽപ്പാദനം വർധിപ്പിക്കാൻ പെൻ്റഗൺ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ ആയുധ ശേഖരത്തിൽ വലിയ കുറവ് വന്നതായി നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രസിഡൻ്റ് ട്രംപ് തള്ളിയിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article