ന്യൂഡൽഹി: ഓഗസ്റ്റ് നാലിന് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനം ഏകദേശം 300 അടിയോളം പെട്ടെന്ന് താഴേക്ക് പതിച്ച സംഭവം അതീവ ഗുരുതരമായ സാങ്കേതിക തകരാറുകൾമൂലമെന്ന് റിപ്പോർട്ടുകൾ. ആകാശച്ചുഴിയിൽപ്പെട്ടാണ് അപകടമുണ്ടായതെന്ന ആദ്യ വിശദീകരണങ്ങളെ തള്ളുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
എയർബസ് എ320 നിയോ വിമാനത്തിന്റെ ഹൈഡ്രോളിക്, ഫ്ലൈറ്റ് കൺട്രോൾ സംവിധാനങ്ങളിൽ ഒരേസമയം ഉണ്ടായ തകരാറുകളാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. വിമാനം പുറപ്പെട്ട് ഏകദേശം രണ്ടര മണിക്കൂറിന് ശേഷം ഇന്ത്യൻ സമയം രാവിലെ 9.32-ഓടെയാണ് തകരാറുകൾ ആരംഭിച്ചത്. ഒരു മിനിറ്റിനുള്ളിൽ ഒൻപതോളം സാങ്കേതിക പ്രശ്നങ്ങളാണ് വിമാനത്തിനുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളെയും ഈ തകരാറുകൾ ബാധിച്ചതായി സൂചനയുണ്ട്. ഇതിന് പിന്നാലെ ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെടുകയും വിമാനത്തിന്റെ മുൻഭാഗം ഉയർത്താനോ താഴ്ത്താനോ സഹായിക്കുന്ന എലിവേറ്ററുകളുടെ നിയന്ത്രണം തകരാറിലാവുകയും ചെയ്തു.
വിമാനത്തിന്റെ വേഗത കുറയുന്നതായും ഉയരം നഷ്ടപ്പെടുന്നതായും സൂചിപ്പിക്കുന്ന ‘സ്റ്റാൾ വാണിംഗ്’ (Stall warning) ഉയർന്നതോടെ പൈലറ്റ് വിമാനം സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു. ഇത്തരത്തിൽ വിമാനത്തെ പൂർവ്വസ്ഥിതിയിലാക്കാൻ പൈലറ്റ് നടത്തിയ ശ്രമത്തിനിടെയാണ് വിമാനം നിമിഷങ്ങൾക്കുള്ളിൽ 300 അടിയോളം താഴേക്ക് പതിച്ചതെന്ന് എയർ ഇന്ത്യയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചതിന്റെ ആഘാതത്തിൽ 17 പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവർക്ക് മികച്ച ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കാനും വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ എളുപ്പമാക്കാനും വേണ്ടിയാണ് വിമാനം അടുത്തുള്ള വിമാനത്താവളത്തിലേക്ക് മാറ്റാതെ ഡൽഹിയിലേക്കുതന്നെ പറത്താൻ പൈലറ്റുമാർ തീരുമാനിച്ചതെന്നാണ് പുറത്തു വരുന്ന വിശദീകരണം.
സംഭവത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രസ്താവനകളിൽ എയർ ഇന്ത്യയോ കേന്ദ്ര വ്യോമയാന മന്ത്രാലയമോ സാങ്കേതിക തകരാറുകളെക്കുറിച്ച് ഇതുവരെ കൃത്യമായ വിവരങ്ങൾ നൽകിയിട്ടില്ല. അതേസമയം, സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ വിമാനനിർമാതാക്കളായ എയർബസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
