ഗഡ്ചിരോളി : മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ പാമ്പ് കടിയേറ്റ് മൂന്ന് വിദ്യാർഥിനികൾ മരിച്ചു. റെസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ കിടന്നുറങ്ങിയിരുന്ന ആറ് വിദ്യാർഥിനികൾക്കാണ് പാമ്പുകടിയേറ്റത്. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ഗഡ്ചിരോളിയിലെ ജപ്തലായി ഗ്രാമത്തിലുള്ള പ്രൈമറി സെക്കൻഡറി റെസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലില്‍ നിലത്ത് കിടന്നുറങ്ങുകയായിരുന്ന വിദ്യാർഥിനികൾക്കാണ് പാമ്പ് കടിയേറ്റത്. അസ്വസ്ഥതകൾ അനുഭവപ്പെട്ട വിദ്യാർഥികളെ ഉടൻ ഗ്രാമത്തിലെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നെങ്കിലും അവസ്ഥ മോശമായതിനെ തുടർന്ന് ഗഡ്ചിരോളിയിലെ ജില്ലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സക്കിടെ മൂന്ന് വിദ്യാർഥിനികൾ മരിച്ചു. മൂന്ന് പേർ ഇപ്പോഴും ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. 14 നും 11 നും പ്രായമുള്ള പെൺകുട്ടികളാണ് മരിച്ചത്.
പെൺകുട്ടികളുടെ മരണവിവരം പുറത്തുവന്നതോടെ സ്കൂൾ അധികൃതർക്കെതിരെ രക്ഷാകർത്താക്കളും നാട്ടുകാരും രംഗത്തെത്തി. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ അവിഷ്യന്ത് പാണ്ഡ സ്ഥലത്തെത്തുകയും വിശദമായ അന്വേഷണം നടത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ട്രൈബൽ ഡെവലപ്മെൻ്റ് ഡിപ്പാർട്ട്മെൻ്റിൽ നിന്നുള്ള സംഘം സംഭവസ്ഥലം പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
