വടകര(കോഴിക്കോട്): വടകര എം.ഡി.എം.എ. കേസിൽ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ കുത്തേറ്റു. കുത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കീർത്തനയുടെ ഭർത്താവാണെന്നാണ് വിവരം.
ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. എം.ഡി.എം.എ കേസിൽ ജാമ്യത്തിലിറങ്ങിയ കീർത്തന വടകര സ്റ്റേഷനിൽ ഒപ്പിടാനായി വന്നതായിരുന്നു. ഈ സമയത്താണ് അക്രമം.
സാരമായി പരിക്കേറ്റ കീർത്തനയെ ആദ്യം വടകര ഗവ: ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിന് ഉൾപ്പെടെ അഞ്ചോളം കുത്തുകളേറ്റിട്ടുണ്ടെന്നാണ് വിവരം.
പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ കാവ്യ, കീർത്തന, നീഷ്മ എന്നിവരടക്കം അഞ്ച് പേരാണ് ജൂലായ് മാസത്തിൽ വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായത്. ഇവർ ഇൻസ്റ്റഗ്രാം വഴി ലഹരി മാഫിയയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.
ഈ കേസിൽ രണ്ടാം പ്രതിയായ കീർത്തനയ്ക്കും തുടർന്ന് മൂന്നാം പ്രതിയായ കാവ്യയ്ക്കും അടുത്തിടെ ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോഴാണ് കീർത്തനയ്ക്ക് നേരെ ആക്രമണമുണ്ടായത്.
എംഡിഎംഎ വിൽപ്പനക്കാരുടെയും വാങ്ങുന്നവരുടെയും ഇടയിലുള്ള കണ്ണിയായാണ് ഇവർ പ്രവർത്തിച്ചിരുന്നത്. കേസിൽ അറസ്റ്റിലായതിന് പിന്നാലെ കീർത്തനയെ ജോലിയിൽനിന്ന് ബിആർസി പിരിച്ചുവിട്ടിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
