റോൾസ് റോയ്സിനൊപ്പം റീലുകൾ, ആഡംബരജീവിതം; വിദേശത്തേക്ക് കോടികൾ കടത്തി

News Desk
1 Min Read

കൊച്ചി: വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനംചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ പാർവതി മായ ഷാജിയുടെ പോലീസ് കസ്റ്റഡി കാലാവധി ശനിയാഴ്ച ഉച്ചയോടെ അവസാനിക്കും. എറണാകുളം മജിസ്ട്രേറ്റ് കോടതി ഒരുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതിയെ ചോദ്യംചെയ്യൽ പൂർത്തിയാക്കി ഉച്ചയോടെ തിരികെ കോടതിയിൽ ഹാജരാക്കും.

പാർവതി മായ അറസ്റ്റിലായ വിവരമറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപതിലേറെ പരാതിക്കാരാണ് പോലീസിനെ സമീപിച്ചിരിക്കുന്നത്. പോളണ്ട്, അർമേനിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനംചെയ്ത് ലക്ഷക്കണക്കിന് രൂപ കൈക്കലാക്കി വഞ്ചിച്ചതായാണ് പരാതികൾ.

തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിൽ വലിയൊരു പങ്കും വിദേശ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് സ്വീകരിച്ചത്. മറ്റ് ജില്ലകളിലും ഇവർക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ടെന്നും കോടികളുടെ തട്ടിപ്പാണ് പ്രതികൾ നടത്തിയതെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള ആംസ്റ്റർ ഓവർസീസ്, പാലാരിവട്ടത്തെ ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് വിദേശ റിക്രൂട്ട്മെന്റ് നടത്തുന്നതിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു. 2023 മുതൽ സാമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെയാണ് ഇവർ ഇരകളെ വലയിലാക്കിയത്.

സമൂഹിക മാധ്യമങ്ങളിൽ റോൾസ് റോയ്സ് അടക്കമുള്ള ആഡംബര കാറുകൾക്കൊപ്പം നിന്നും വിലകൂടിയ ആഭരണങ്ങൾ അണിഞ്ഞുമുള്ള പാർവതിയുടെ റീലുകൾ വൈറലാണ്. പണം തിരികെ ചോദിച്ച ഉദ്യോഗാർഥികളെ പാർവതിയും കൂട്ടാളികളും ഭീഷണിപ്പെടുത്തിയതായും പരാതികളുണ്ട്.

പാർവതിയുടെ ഭർത്താവും സ്ഥാപന ഉടമയുമായ അനീഷ് മേനോൻ, മാനേജർമാരായ അഭിജിത്ത് നായർ, അജു കെ. മാത്യു, വിഷ്ണു വിജയൻ, പാർവതിയുടെ പിതാവ് ഷാജി എന്നിവരും കേസിൽ പ്രതികളാണ്. വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!