പുതിയ ടൂറിസ്റ്റ് പാക്കേജ് വിസയുമായി സഊദി അറേബ്യ; കുറഞ്ഞ ചെലവിലും കുറഞ്ഞ സമയത്തിലും യാത്ര പ്ലാൻ ചെയ്യാൻ പുതിയ നീക്കം സഹായിക്കും

malayalampress
2 Min Read
  • സഊദി വിഷൻ 2030ന്റെ ഭാഗമായി നേരത്തെ നടപ്പിലാക്കിയ ഇലക്ട്രോണിക് വിസ, ഓൺ-അറൈവൽ വിസ, ട്രാൻസിറ്റ് വിസ എന്നിവയ്ക്ക് പിന്നാലെയാണ് പുതിയ പരിഷ്കാരം.

റിയാദ്: രാജ്യത്തേക്ക് വരുന്ന വിദേശ സന്ദർശകരുടെ യാത്രാ നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിനായി പുതിയ ‘ടൂറിസ്റ്റ് പാക്കേജ് വിസ’ സേവനവുമായി സഊദി അറേബ്യ. ടൂറിസം രംഗത്ത് കുതിച്ചു ചാട്ടം പ്രതീക്ഷിക്കുന്ന പൈലറ്റ് ഘട്ടത്തിന് സഊദി അറേബ്യ തുടക്കം കുറിച്ചു. സഊദി ടൂറിസം മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഇൻഷുറൻസ് അതോറിറ്റി എന്നിവയുമായി ചേർന്ന് നടപ്പാക്കുന്ന ഈ പുതിയ പദ്ധതി സഊദിയിലേക്കുള്ള യാത്രാരംഗത്ത് വലിയൊരു ചുവടുവെപ്പാണെന്ന് ടൂറിസം മന്ത്രി അഹ്‌മദ് അൽഖാതിബ് വ്യക്തമാക്കി.

അംഗീകൃത ട്രാവൽ, ടൂറിസം ഏജൻസികൾ വഴി ബുക്ക് ചെയ്യുന്ന ഒരൊറ്റ പാക്കേജിലൂടെ വിമാന ടിക്കറ്റ്, താമസസൗകര്യം, ഇലക്ട്രോണിക് വിസ എന്നിവ ഒരുമിച്ച് സ്വന്തമാക്കാൻ പുതിയ സംവിധാനത്തിലൂടെ വിനോദസഞ്ചാരികൾക്ക് സാധിക്കും. നിലവിൽ വിസ, ടിക്കറ്റ്, താമസം എന്നിവക്കായി വെവ്വേറെ അപേക്ഷിക്കേണ്ടിയിരുന്ന ബുദ്ധിമുട്ടാണ് ഇതോടെ ഇല്ലാതാകുന്നത്. കൂടാതെ യാത്രക്കാർക്ക് താൽപര്യത്തിനനുസരിച്ച് മറ്റ് വിനോദപരിപാടികളും ഈ പാക്കേജിന്റെ ഭാഗമായി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.

വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചെലവിലും കുറഞ്ഞ സമയത്തിലും യാത്ര പ്ലാൻ ചെയ്യാൻ പുതിയ നീക്കം സഹായിക്കും. പുതിയ സേവനത്തിലൂടെ ടൂറിസം ഏജൻസികൾക്ക് കൂടുതൽ ആകർഷകമായ പാക്കേജുകൾ തയ്യാറാക്കാൻ സാധിക്കുമെന്നും ഇത് സഞ്ചാരികളെ കൂടുതൽ ദിവസം രാജ്യത്ത് തങ്ങാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ പങ്കാളികളാകുന്ന ടൂറിസം ഏജൻസികൾക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ കാര്യക്ഷമത ഉറപ്പാക്കണമെന്നും ഇരുപത്തിനാല് മണിക്കൂറും ഉപഭോക്തൃ സേവനം ലഭ്യമാക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. സഊദി വിഷൻ 2030ന്റെ ഭാഗമായി നേരത്തെ നടപ്പിലാക്കിയ ഇലക്ട്രോണിക് വിസ, ഓൺ-അറൈവൽ വിസ, ട്രാൻസിറ്റ് വിസ എന്നിവയ്ക്ക് പിന്നാലെയാണ് പുതിയ പരിഷ്കാരം. ആഗോള ടൂറിസം ഭൂപടത്തിൽ സഊദി അറേബ്യ മുന്നേറുന്നതിന്റെ തെളിവായി 2025ൽ മാത്രം 2.9 കോടിയിലധികം വിദേശ വിനോദസഞ്ചാരികളാണ് രാജ്യം സന്ദർശിച്ചത്. പുതിയ പാക്കേജ് വീസ സംവിധാനം കൂടി വരുന്നതോടെ സഞ്ചാരികളുടെ ഒഴുക്ക് ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തൽ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article