ഇന്ത്യന്‍ പാസ്‌പോർട്ട് സേവനങ്ങളിൽ അനിശ്ചിതത്വം തുടരുന്നു; ഇന്ന് മുതൽ എംബസിയിലും കോണ്‍സുലേറ്റിലും നേരിട്ട് അപേക്ഷിക്കാം

News Desk
1 Min Read

അബുദബി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി പുതിയ കരാറുകാരെ ചുമതലപ്പെടുത്തുന്നതിലുണ്ടായ നിയമപരമായ തടസ്സങ്ങളെത്തുടർന്ന്, സേവനങ്ങൾക്കായി അപേക്ഷകർ നേരിട്ട് എംബസിയിലും കോണ്‍സുലേറ്റിലുമെത്തണമെന്ന് നിർദേശം. ഇന്ന് മുതൽ (ജൂലൈ 2, വ്യാഴാഴ്ച) ഈ സംവിധാനം നിലവിൽ വന്നു.

ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിലും അബുദാബിയിലെ ഇന്ത്യൻ എംബസിയിലും രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12.30 വരെ ടോക്കൺ ഇല്ലാതെ വാക്ക്-ഇൻ (Walk-in) രീതിയിൽ സേവനങ്ങൾ ലഭ്യമാകും.

പ്രവാസികൾക്ക് പാസ്‌പോർട്ട് സേവനങ്ങൾ നൽകിയിരുന്ന ബി.എൽ.എസ് ഇന്റർനാഷണൽ, അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകിയിരുന്ന എസ്.ജി.ഐ.വി.എസ് ഗ്ലോബൽ എന്നിവയുടെ കരാർ ജൂൺ 30-ന് അവസാനിച്ചിരുന്നു. തുടർന്ന്, പുതിയ കരാറുകാരായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ഇന്നലെ മുതൽ സേവനങ്ങൾ ഏറ്റെടുക്കാനായിരുന്നു തീരുമാനം. എന്നാൽ, കരാർ നടപടികളിൽ സുതാര്യതയില്ലെന്നാരോപിച്ച് മറ്റ് കമ്പനികൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതോടെ കാര്യങ്ങൾ മാറിമറിയുക ആയിരുന്നു.

തുടർന്ന് സുപ്രീം കോടതിയുടെ ഇടപെടലുണ്ടാവുകയും, നിലവിലെ സ്ഥിതി തുടരണമെന്ന് (Status Quo) ഉത്തരവിടുകയും ചെയ്തു. ഇതോടെ, പഴയ കരാറുകാർക്ക് സേവനം തുടരാനോ, പുതിയ കരാറുകാർക്ക് ചുമതലയേൽക്കാനോ കഴിയാത്ത അവസ്ഥ ഉണ്ടായി. ഈ സാഹചര്യത്തിലാണ് പ്രവാസികൾക്ക് സേവനം തടസ്സപ്പെടാതിരിക്കാൻ എംബസിയും ദുബൈയിലെ കോണ്‍സുലേറ്റും നേരിട്ട് സേവനങ്ങൾ നൽകാൻ തീരുമാനിച്ചത്.

ഡൽഹി ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ, പുതിയ കരാറുകാരുടെ പ്രവർത്തനം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. നിയമനടപടികൾക്ക് ശേഷം തുടർനടപടികൾ അറിയിക്കുമെന്ന് എംബസിയും കോണ്‍സുലേറ്റും വ്യക്തമാക്കി. വൻതോതിൽ അപേക്ഷകർ എത്തുന്ന സാഹചര്യത്തിൽ, സേവനം സുഗമമാക്കാൻ എംബസികളും കോണ്‍സുലേറ്റും സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 2022 ജനുവരി മുതൽ 2024 ഡിസംബർ വരെ പ്രതിദിനം ശരാശരി 1,760 സേവനങ്ങൾ വീതം ഇവിടെ നടന്നിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article