- സഊദി ദേശീയ തലത്തിൽ ത്രൈമാസ ക്യാമ്പയിനിൽ അറുപതോളം വൈവിധ്യമാർന്ന പരിപാടികൾ
ദമാം: “ഇസ്‌ലാം: നിർഭയത്വവും സമാധാനവും” എന്ന പ്രമേയത്തിൽ സഊദി അറേബ്യയിലെ ഇസ്‌ലാഹി സെന്ററുകളുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ മുതൽ ഡിസംബർ വരെ സംഘടിപ്പിക്കുന്ന ത്രൈമാസ ദേശീയ ക്യാമ്പയിന്റെ ഈസ്റ്റേൺ പ്രോവിൻസ് പ്രചരണോദ്ഘാടനം ജുബൈൽ, ദമാം, ഖോബാർ ഇസ്‌ലാഹി സെന്ററുകളിലെ ഓഡിറ്റോറിയങ്ങളിൽ നടന്നു.
ഇസ്‌ലാമിന്റെ യഥാർത്ഥ സന്ദേശവും നിർഭയത്വത്തിന്റെയും സമാധാനത്തിന്റെയും ജീവിതമൂല്യങ്ങളും പ്രവാസി സമൂഹത്തിലേക്ക് എത്തിക്കുകയും ചിന്തയുടെയും ആത്മപരിവർത്തനത്തിന്റെയും വഴികളിലേക്ക് സമൂഹത്തെ ക്ഷണിക്കുകയും ചെയ്യുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
പ്രവാസി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി ദേശീയ, റീജിയണൽ, ഇസ്‌ലാഹി സെന്റർ തലങ്ങളിൽ ഓൺലൈനായും ഓഫ്‌ലൈനായും അറുപതോളം വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വിദ്യാർത്ഥികൾ, യുവാക്കൾ, വനിതകൾ, പ്രൊഫഷണലുകൾ, ഡ്രൈവർമാർ, കുടുംബങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങൾക്കായി ക്വിസ്, പഠന ക്ലാസുകൾ, സംവാദങ്ങൾ, സെമിനാറുകൾ, ക്യാമ്പുകൾ, കരിയർ ഗൈഡൻസ്, CPR പരിശീലനം, യൂത്ത് സമ്മിറ്റ്, An Evening with Peace Radio തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. പ്രവാസികളുടെ തിരക്കേറിയ ജീവിതത്തിനിടയിലെ ഒഴിവുസമയം വിജ്ഞാനപ്രദവും ക്രിയാത്മകവുമായി ഉപയോഗപ്പെടുത്തുന്നതിനുള്ള പരിപാടികൾക്കും പ്രത്യേക പ്രാധാന്യം നൽകും.
ഈസ്റ്റേൺ പ്രോവിൻസിൽ ക്യാമ്പയിന്റെ ഭാഗമായി ബോധവത്കരണ പരിപാടികൾ, പ്രഭാഷണങ്ങൾ, വൈജ്ഞാനിക സംവാദങ്ങൾ, കുടുംബസംഗമങ്ങൾ, യുവജന–വിദ്യാർത്ഥി കേന്ദ്രീകൃത പരിപാടികൾ എന്നിവ സംഘടിപ്പിക്കും. ഡ്രൈവർമാർക്കായി ‘ചലനം – ഡ്രൈവേഴ്സ് മീറ്റ്’, വിദ്യാർത്ഥികൾക്കായി ക്വിസ്, കലാ–കായിക പരിപാടികൾ, വനിതകൾക്കായി Ladies Meet, Elevate Her – Girls Gathering, യുവാക്കൾക്കായി Youth Summit, Youth Debate, Youth Camps, പ്രൊഫഷണലുകൾക്കായി Focus Professional Meet, കരിയർ ഗൈഡൻസ് പരിപാടികൾ, Peace റേഡിയോ പരിപാടികൾ തുടങ്ങിയവയും പദ്ധതിയിലുണ്ട്.
ഈസ്റ്റേൺ പ്രോവിൻസിലെ ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടന സമ്മേളനം സെപ്റ്റംബർ 18ന് ജുബൈൽ ദഅ്‌വാ സെന്ററിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സഊദി അറേബ്യയിലെ വിവിധ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള പ്രവാസി സമൂഹത്തിന് ഒരുപോലെ പങ്കാളികളാകാൻ കഴിയുന്ന തരത്തിലാണ് ക്യാമ്പയിൻ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
