വായിലേക്ക് ജെറ്റ് സ്പ്രേ, വാഷിങ് മെഷീനിൽ ഇരുത്തുക, ബാത്റൂമിൽ പൂട്ടിയിടുക…; ഡേ കെയറിൽ കുഞ്ഞുങ്ങളോട് കൊടുംക്രൂരത

News Desk
1 Min Read

ബംഗളൂരു: രണ്ടു വയസ് മാത്രം പ്രായമുള്ള കുരുന്നുകളെ ഫ്രണ്ട്-ലോഡിങ് വാഷിങ് മെഷീൻ ഡ്രമ്മിനുള്ളിൽ ഇരുത്തുക, കരച്ചിൽ നിർത്താൻ വായിലേക്ക് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വെള്ളമടിക്കുക, ബാത്റൂമിൽ പൂട്ടിയിടുക ഇങ്ങനെ നീളുന്നു ബംഗളൂരുവിലെ ഒരു ഡേ കെയറിലെ ആയമാരുടെ ക്രൂരത.

കാപ്ജെമിനി കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയറിൽ നിന്നുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപകമായ ജനരോഷമാണ് ഉയരുന്നത്.

സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മഞ്ജുള, വിജയ ലക്ഷ്മി, സിന്ധു, ഭവാനി, ബിന്ദു എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കാപ് ജെമിനിയിലെ ജീവനക്കാരുടെ കുട്ടികളെയാണ് ഡേ കെയറിൽ പരിചരിക്കുന്നത്.

മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് ഡേകെയറിൽ വിട്ട പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാർ ഭയപ്പെടുത്തുകയും ക്രൂരമായി ദ്രോഹിക്കുകയുമായിരുന്നു എന്നാണ് പരാതി. പരാതിക്കാരുടെയും ഡേകെയർ ജീവനക്കാരുടെയും മറ്റ് സാക്ഷികളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തി വരികയാണ്. സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹരജി ലഭിച്ചതിനെ തുടർന്ന് കർണാടക സംസ്ഥാന ബാലാവകാശ കമ്മീഷനിലും ഈ കേസ് എത്തിയിട്ടുണ്ട്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article