ലക്നൗ: ഉത്തർപ്രദേശിലെ വാരണാസി ലാൽ ബഹദൂർ ശാസ്ത്രി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരന്റെ ലൈസൻസുള്ള തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരുക്കേറ്റു. വിമാനത്താവളത്തിലെ കാർഗോ ലോജിസ്റ്റിക്സ് വിഭാഗമായ എഎഐസിഎൽഎഎസ് സ്ക്രീനർമാർക്കാണ് പരുക്കേറ്റത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം.
അസംഗഡ് സ്വദേശിയായ യാത്രക്കാരനും ഭാര്യയും എയർ ഇന്ത്യ എക്സ്പ്രസിന്റെ IX-1810 വിമാനത്തിൽ മുംബൈയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയതായിരുന്നു. വിമാനത്തിൽ കൊണ്ടുപോകുന്നതിനായി തന്റെ പക്കൽ ആയുധമുണ്ടെന്ന് യാത്രക്കാരൻ അധികൃതരെ മുൻകൂട്ടി അറിയിച്ചിരുന്നു.
തുടർന്ന് സുരക്ഷാ വിഭാഗത്തിലെ പ്രത്യേക പരിശോധനാ മുറിയിൽ തോക്ക് പരിശോധിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ വെടിപൊട്ടിയത്. പുരുഷ സുരക്ഷാ ജീവനക്കാരന്റെ കൈയ്ക്കും, വനിതാ ജീവനക്കാരിയുടെ മുട്ടിനു മുകളിലുമാണ് പരുക്കേറ്റത്. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടു ജീവനക്കാരുടെയും പരുക്ക് ഗുരുതരമല്ലെന്നും അവർ അപകടനില തരണം ചെയ്തതായും വിമാനത്താവളം ഡയറക്ടർ പുനീത് ഗുപ്ത ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. തോക്കിനുള്ളിൽ ഒരു ഉണ്ട ബാക്കിയുണ്ടായിരുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് യാത്രക്കാരൻ പൊലീസിനോട് പറഞ്ഞത്.
പരിശോധനയ്ക്ക് മുന്നോടിയായി തോക്കിലെ ഉണ്ടകൾ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പെട്ടെന്ന് വെടിപൊട്ടിയതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് പ്രാദേശിക പൊലീസിനെ വിവരമറിയിച്ചിട്ടുണ്ടെന്നും ഉന്നതതല അന്വേഷണം ആരംഭിച്ചതായും വിമാനത്താവള അധികൃതർ പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
