‘അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുക എന്ത് ചെയ്തു’; കണക്ക് അവതരിപ്പിക്കാത്തതില്‍ വിമര്‍ശനം

malayalampress
2 Min Read
  • റഹീമിന്റെ മോചനതിനായി ക്രൗഡ് ഫണ്ടിങ്ങിലൂടെ ശേഖരിച്ചതില്‍ ബാക്കി പണം എന്ത് ചെയ്യണമെന്ന് പണം നല്‍കിയവര്‍ അഭിപ്രായം പറയണമെന്ന് ബോബി ചെമ്മണ്ണൂർ
  • ക്രൗഡ് ഫണ്ടിങ്ങിലൂടെ 46 കോടി രൂപയായിരുന്നു ശേഖരിച്ചത്. ഇതിന്റെ ബാക്കി തുകയാണ് നിയമസഹായ സമിതിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലുള്ളത്

കോഴിക്കോട്: അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ക്രൗഡ് ഫണ്ടിങ്ങില്‍ കണക്ക് അവതരിപ്പിക്കാത്തതില്‍ കടുത്ത വിമര്‍ശനം. പ്രാദേശിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് വിമര്‍ശനം ഉയര്‍ന്നത്. റഹീം നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കണക്ക് അവതരിപ്പിച്ചില്ലെന്നാണ് ആരോപണം. മോചന ദ്രവ്യം നല്‍കിയതിന് ശേഷമുള്ളത് പത്ത് കോടി രൂപയാണ്. ഇത് എന്ത് ചെയ്യണമെന്നതിലടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. അതേസമയം അധികമായി പിരിച്ച തുക ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് നിയമസഹായ സമിതി പറയുന്നത്.

ഇക്കഴിഞ്ഞ മെയ് 28നായിരുന്നു അബ്ദുല്‍ റഹീം നാട്ടിലെത്തിയത്. റഹീം നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ക്രൗഡ് ഫണ്ടിങ്ങിന്റെ കണക്ക് അവതരിപ്പിച്ചില്ലെന്നാണ് വിമര്‍ശനം. കണക്ക് പറഞ്ഞ് സംശയങ്ങള്‍ ദുരീകരിക്കണമെന്നും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അതേസമയം പണത്തിന്റെ കണക്ക് പറയേണ്ടത് നിയമസഹായ സമിതിയാണെന്നാണ് റഹീമിന്റെ കുടുംബം പറയുന്നത്. ക്രൗഡ് ഫണ്ടിങ്ങുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും പണത്തില്‍ ഒരു അവകാശവും ഉന്നയിച്ചിട്ടില്ലെന്നും കുടുംബം പറയുന്നതായി റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

അതിനിടെ, റഹീമിന്റെ മോചനതിനായി ക്രൗഡ് ഫണ്ടിങ്ങിലൂടെ ശേഖരിച്ചതില്‍ ബാക്കി പണം എന്ത് ചെയ്യണമെന്ന് പണം നല്‍കിയവര്‍ അഭിപ്രായം പറയണമെന്നായിരുന്നു വ്യവയാസി ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്. ഇന്‍സ്റ്റഗ്രാം പേജിലൂടെ പൊതുജനങ്ങളുടെ അഭിപ്രായം തേടും. ഭൂരിപക്ഷ അഭിപ്രായം നോക്കി തുടര്‍നടപടി സ്വീകരിക്കണം. പണം ദുരുപയോഗം ചെയ്യരുത്. വിവാദത്തിലേക്ക് പോകാതെ നല്ല രീതിയില്‍ ബാക്കി തുക ഉപയോഗിക്കണം. പലരും 13 കോടി എവിടെ എന്ന് ചോദിക്കുന്നുണ്ട്. താന്‍ ഒരു കോടി രൂപയാണ് നല്‍കിയത്. താന്‍ പൈസ കൈകൊണ്ട് തൊട്ടിട്ടില്ല. എല്ലാവരോടും നിയമസഹായ കമ്മിറ്റിയുടെ ക്യൂ ആര്‍ കോഡിലേക്ക് പണം അയക്കാനാണ് പറഞ്ഞത്. ബോക്‌സില്‍ എഴുപതിനായിരം രൂപ മാത്രമാണ് താന്‍ കളക്ട് ചെയ്തത്. തന്റെ പേരില്‍ പലയിടത്തും പണപ്പിരിവ് നടന്നതോടെ ബോക്‌സില്‍ പണം വാങ്ങുന്നത് നിര്‍ത്തി. ബാക്കി പണം എന്ത് ചെയ്യുമെന്ന് നിയമസഹായ സമിതി അറിയിച്ചിട്ടില്ല. ബാക്കി പണം എന്ത് ചെയ്യണമെന്ന് താന്‍ വ്യക്തിപരമായി പറയുന്നില്ലെന്നും ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തു.

2006 ഡിസംബര്‍ 24-നാണ് സഊദി ബാലന്‍ അനസ് അല്‍ ശഹ്രി കൊല്ലപ്പെട്ട കേസില്‍ റഹീം ജയിലിലാകുന്നത്. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിങിനായി പുറത്തുപോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുല്‍ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു.

സംഭവത്തിന് പിന്നാലെ സഊദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വധശിക്ഷയായിരുന്നു കോടതി റഹീമിന് വിധിച്ചത്. പിന്നീട് ഒന്നരക്കോടി സഊദി റിയാല്‍ ദിയാധനം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് വധശിക്ഷ ഒഴിവാക്കിയത്. ക്രൗഡ് ഫണ്ടിങ്ങിലൂടെ 46 കോടി രൂപയായിരുന്നു ശേഖരിച്ചത്. ഇതിന്റെ ബാക്കി തുകയാണ് നിയമസഹായ സമിതിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലുള്ളത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article