വീണ്ടും തീക്കളി, പശ്ചിമേഷ്യ കത്തുന്നു; ഇറാനിലെ ആക്രമണങ്ങൾക്കെതിരെ നീക്കവുമായി ഇറാൻ, യുഎസ് താവളങ്ങൾ ആക്രമിച്ചു, ഹോർമുസ് അടച്ചു

malayalampress
2 Min Read
  • ഗൾഫ് രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ; ഞങ്ങൾക്കെതിരായ നീക്കത്തിന് താവളങ്ങൾ നൽകരുത്’

ടെഹ്റാൻ: അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും ആക്രമണങ്ങൾ തടയാൻ ഗൾഫ് മേഖലയിലെ അയൽരാജ്യങ്ങൾക്ക് നിയമപരവും ധാർമികവുമായ ഉത്തരവാദിത്തമുണ്ടെന്ന് ഇറാൻ്റെ മുന്നറിയിപ്പ്. യു.എസും ഇറാനും തമ്മിൽ പരസ്‌പരാക്രമണങ്ങൾ ശക്തമാക്കുകയും പശ്ചിമേഷ്യയിലും ഗൾഫ് മേഖലയിലും സുരക്ഷാ സാഹചര്യം അതിവേഗം വഷളാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇറാൻ വിദേശകാര്യമന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്.

അതിനിടെ, ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്നലെ രാത്രി ആക്രമണം. ഒന്നിലേറെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഖഷം ദ്വീപ് ഉൾപ്പെടെ വിവിധയിടങ്ങളിൽ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലെ ബന്ദർ അബ്ബാസ്, തെക്കൻ നഗരമായ കാർഗനിലും സിരികിലും സ്ഫോടനമുണ്ടായി. ആക്രമണത്തിന് പിന്നാലെ ഹോർമുസ് പൂർണമായി അടച്ചെന്ന് ഇറാൻ അറിയിച്ചു. മേഖലയിലെ അരക്ഷിതാവസ്ഥ കാരണം ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നുവെന്നാണ് ഇറാന്‍ അറിയിച്ചത്. കപ്പലുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെ എല്ലാത്തരം കപ്പലുകൾക്കും നിരോധനമുണ്ട്. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നൽകി.

മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും, പ്രത്യേകിച്ച് പേർഷ്യൻ ഗൾഫിന്റെ തെക്കൻ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന അയൽരാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിലൂടെ പറഞ്ഞത്. ഇറാനെതിരെ നീക്കങ്ങൾ ആസൂത്രണം ചെയ്യാനോ, സംഘടിപ്പിക്കാനോ, നടപ്പിലാക്കാനോ അതിന് പിന്തുണ നൽകാനോ വേണ്ടി തങ്ങളുടെ ഭൂപ്രദേശങ്ങളോ മറ്റ് സൗകര്യങ്ങളോ ഉപയോഗിക്കാൻ അമേരിക്കൻ സൈന്യത്തിനും ഇസ്രയേലിനും അനുവാദം നൽകരുതെന്ന് ഇറാൻ ആവശ്യപ്പെട്ടു.

അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്റർ തകർത്തതിന് പിന്നിൽ ഇറാനാണെന്ന് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. പിന്നാലെ ഇറാനെതിരെ അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തി. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനുകൾ, നിരീക്ഷണ റഡാർ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.

ഇതിന് മറുപടിയായി ബഹ്റൈനിലെ യുഎസിൻ്റെ അഞ്ചാം കപ്പൽപ്പട ആസ്ഥാനത്തിനുനേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് വ്യക്തമാക്കി. കുവൈത്തിലെയും ജോർദാനിലെയും യു.എസ്. സൈനിക താവളങ്ങൾക്കുനേരെ ആക്രമണങ്ങൾ നടത്തിയതായും ഇറാൻ അവകാശപ്പെട്ടു. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങൾ തുടർന്നാൽ ഇതിലും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article