-
ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളി എന്ന റെക്കോർഡുമായി കണ്ണൂരുകാരൻ തഹ്‌സീൻ മുഹമ്മദ് ഖത്തർ കുപ്പായത്തിൽ ഇറങ്ങുമ്പോൾ, ദാ തൊട്ടപ്പുറത്ത് ഓസ്‌ട്രേലിയൻ പടയ്ക്കായി ബൂട്ട് കെട്ടാൻ മറ്റൊരു തമിഴ് വംശജൻ കൂടി റെഡിയായിക്കഴിഞ്ഞു
സിഡ്നി: ഇത്തവണത്തെ ഫിഫ ലോകകപ്പ് ഇന്ത്യക്കാർക്കും വിശേഷിച്ച് ദക്ഷിണേന്ത്യക്കാർക്കും അഭിമാനത്തിന്റെ പൂരം തന്നെയാകും സമ്മാനിക്കുക. ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളി എന്ന റെക്കോർഡുമായി കണ്ണൂരുകാരൻ തഹ്‌സീൻ മുഹമ്മദ് ഖത്തർ കുപ്പായത്തിൽ ഇറങ്ങുമ്പോൾ, ദാ തൊട്ടപ്പുറത്ത് ഓസ്‌ട്രേലിയൻ പടയ്ക്കായി ബൂട്ട് കെട്ടാൻ മറ്റൊരു തമിഴ് വംശജൻ കൂടി റെഡിയായിക്കഴിഞ്ഞു. ചരിത്രത്തിലാദ്യമായി ഫുട്ബോൾ ലോകകപ്പിന്റെ അന്തിമ സ്ക്വാഡിൽ ഇടം നേടുന്ന ആദ്യ തമിഴ് വംശജൻ എന്ന റെക്കോർഡാണ് നിഷാൻ വേലുപ്പിള്ള സ്വന്തമാക്കിയത്.
മെൽബൺ വിക്ടറിയുടെ വിങ്ങറായ ഇരുപത്തിയഞ്ചുകാരൻ നിഷാൻ, ഓസ്‌ട്രേലിയൻ കോച്ച് ടോണി പോപോവിച്ചിന്റെ അന്തിമ 26 അംഗ ലോകകപ്പ് സ്ക്വാഡിലാണ് ഇടം പിടിച്ചിരിക്കുന്നത്. നിഷാന്റെ പിതാവ് ശശിനാഥ് വേലുപ്പിള്ള തമിഴ് പാരമ്പര്യമുള്ളയാളും മാതാവ് ഗില്ലിയൻ വേലുപ്പിള്ള ആംഗ്ലോ-ഇന്ത്യനുമാണ്. മെൽബണിൽ ജനിച്ച് വളർന്ന താരം ക്ലബ് തലത്തിലെ തകർപ്പൻ ഫോമിലൂടെയാണ് ‘സോക്കറൂസ്’ (Socceroos) എന്നറിയപ്പെടുന്ന ഓസ്ട്രേലിയൻ ദേശീയ ടീമിലേക്ക് വഴിതുറന്നത്.
അരങ്ങേറ്റത്തിൽ തന്നെ ഞെട്ടിച്ച നിഷാൻ!
2024 ഒക്ടോബറിൽ ചൈനയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയായിരുന്നു നിഷാന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. പകരക്കാരനായി ഇറങ്ങി വെറും ഏഴ് മിനിറ്റിനുള്ളിൽ ഗോൾ നേടി നിഷാൻ ഓസ്‌ട്രേലിയൻ ആരാധകരുടെ നെഞ്ചിൽ ഇടംനേടി. യോഗ്യതാ മത്സരങ്ങളിൽ ഇതുവരെ മൂന്ന് ഗോളുകൾ താരം അടിച്ചുകൂട്ടിയിട്ടുണ്ട്.
ഓസ്ട്രേലിയയുടെ ഗ്രൂപ്പ് പോരാട്ടങ്ങൾ:
ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലാണ് ഓസ്‌ട്രേലിയ മത്സരിക്കുന്നത്. തുർക്കി, യുണൈറ്റഡ് സ്റ്റേറ്റ്സ്, പരാഗ്വ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ജൂൺ 13-ന് തുർക്കിക്കെതിരെയാണ് ഓസീസിന്റെ ആദ്യ പോരാട്ടം.
ചരിത്രം തിരുത്താൻ ‘കണ്ണൂരിന്റെ സുൽത്താൻ’ തഹ്‌സീൻ!
നിഷാൻ ഓസ്‌ട്രേലിയൻ ജേഴ്‌സിയിൽ തിളങ്ങുമ്പോൾ, ഖത്തറിന്റെ മധ്യനിര ഭരിക്കാൻ നമ്മുടെ തലശ്ശേരിക്കാരൻ തഹ്‌സീൻ മുഹമ്മദ് ജംഷീദും (19) ഇത്തവണ ലോകകപ്പ് കളിക്കളത്തിലുണ്ടാകും. ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുന്ന ചരിത്രത്തിലെ ആദ്യത്തെ മലയാളി താരമാണ് ഈ പത്തൊൻപതുകാരൻ.
കുടുംബ പാരമ്പര്യം:
മുൻപ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും കേരള യൂത്ത് ടീമിന്റെയും മിന്നും താരമായിരുന്ന ജംഷീദിന്റെയും ഷൈമയുടെയും മകനാണ് തഹ്‌സീൻ. പരിക്കിനെ തുടർന്ന് കളി നിർത്തി ജംഷീദ് ഖത്തറിലേക്ക് കുടിയേറുകയായിരുന്നു.
അസ്പർ അക്കാദമിയുടെ വിസ്മയം:
ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ നഴ്സറിയായ ഖത്തറിലെ ‘അസ്പർ അക്കാദമി’യിലൂടെയാണ് തഹ്‌സീൻ വളർന്നുവന്നത്. ഖത്തർ സ്റ്റാർസ് ലീഗിൽ അൽ-ദുഹൈൽ (Al-Duhail) ക്ലബിനായി കളിക്കുന്ന താരം, ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ്.
ഖത്തറിന്റെ അണ്ടർ-16, അണ്ടർ-17 ടീമുകളിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചതാണ് തഹ്‌സീനെ 2026 ലോകകപ്പിനുള്ള സീനിയർ ടീമിൽ എത്തിച്ചത്. ലോകഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയിൽ ഒരേസമയം ഒരു മലയാളിയും ഒരു തമിഴ് വംശജനും രണ്ട് വ്യത്യസ്ത വിദേശ രാജ്യങ്ങൾക്കായി പന്തുതട്ടുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ലോകം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
