കുണ്ടറയിലെ കസ്റ്റഡി മരണ ആരോപണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അന്വേഷിക്കും

News Desk
1 Min Read

കൊല്ലം: കുണ്ടറയിലെ കസ്റ്റഡി മർദന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇക്കാര്യത്തിൽ വിശദമായ അന്വേേണമാവും നടക്കുകയെന്ന് കൊല്ലം റൂറൽ എസ്‌പി ഷാജി സുഗുണൻ പറഞ്ഞു.

പൊലീസിന് വീഴ്ച സംഭവിച്ചോ എന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. പൊലീസ് വാഹനത്തിനുള്ളിൽ മർദനമുണ്ടായോ എന്ന് പരിശോധിക്കുമെന്നും റൂറൽ എസ് പി പറഞ്ഞു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ മർദനം നടന്നതായി കണ്ടെത്താനായില്ലെന്നും എസ്‌പി വ്യക്തമാക്കി.

സിയാദിൻ്റെ ശരീരത്തിലെവിടേയും ആഴത്തിലുള്ള മുറിവുകളില്ല. ഹൃദയത്തിന് പറ്റിയ അണുബാധയാണ് മരണകാരണം പ്രാഥമിക വിവരം. ഹെപ്പറ്റൈറ്റിസ് സി ബാധിച്ച ഇദ്ദേഹം ചികിത്സയിൽ ആയിരുന്നു. ഡോക്ടർ നൽകിയ വിവരങ്ങളാണിതെന്നും എസ്‌പി പറഞ്ഞു.

വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചു കഴിഞ്ഞാൽ മാത്രമേ കൂടുതൽ വ്യക്തത വരൂ. അന്വേഷണ പരിധിയിൽ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തും. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കൃത്യമായ നടപടി സ്വീകരിക്കുമെന്നും എസ്‌പി ആവർത്തിച്ച് വ്യക്തമാക്കി.

സിയാദിനെ കസ്റ്റഡിയിലെടുക്കാന്‍ കാരണമായ കേസിലെ പരാതിക്കാരിയും ഇന്നലെ പൊലീസിനെതിരെ രംഗത്ത് വന്നിരുന്നു. സിയാദിനെ വീട്ടില്‍നിന്ന് ഇറക്കിയതു മുതല്‍ സ്റ്റേഷനില്‍ എത്തിക്കുന്നതുവരെ മര്‍ദിച്ചു എന്നാണ് വെളിപ്പെടുത്തല്‍. കൈകൊണ്ടായിരുന്നു മര്‍ദനമെന്നും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി പറഞ്ഞു.

അയൽവാസിയായ 13 കാരനെ കാണാനില്ലെന്ന പരാതിയിലാണ് സിയാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ജൂൺ 16ന് രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നിൽവെച്ചാണ് സിയാദിനെ പിടിച്ചുകൊണ്ടുപോയത്. സിയാദിനെ വിട്ടുകിട്ടാൻ ഭാര്യയും മകളും ജൂൺ 17ന് പുലർച്ചെ വരെ പൊലീസ് സ്‌റ്റേഷനിൽ കാത്തിരുന്നു. കാണാനില്ലെന്ന് കരുതിയ കുട്ടി പിറ്റേന്ന് രാവിലെ മടങ്ങിയെത്തിയപ്പോഴാണ് സിയാദിനെ പൊലീസ് വിട്ടയച്ചത്. തന്നെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി ഭാര്യയോടും സുഹൃത്തിനോടും സിയാദ് പറഞ്ഞിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article