ഇറാൻ വ്യോമാക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്; സ്ഥിരീകരിച്ച് എംബസി

malayalampress
2 Min Read

അബുദാബി: ഫുജൈറയിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റു. പൗരന്മാർക്ക് പരിക്കേറ്റതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.

പരിക്കേറ്റവർക്ക് മികച്ച ചികിത്സയും മറ്റ് സുരക്ഷാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി എംബസി പ്രാദേശിക അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. “ബാധിക്കപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ ക്ഷേമവും ചികിത്സയും ഉറപ്പാക്കാൻ ഞങ്ങൾ പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്,” എന്ന് ഇന്ത്യൻ മിഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.

ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ചോ പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല. പരിക്കേറ്റവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനും ആവശ്യമായ നിയമസഹായങ്ങൾ നൽകാനുമുള്ള നടപടികൾ എംബസി സ്വീകരിച്ചുവരികയാണ്.

യുഎഇക്ക് നേരെ ഇറാൻ ആക്രമണം; ഫുജൈറയിൽ തീപിടുത്തം, മൂന്ന് മിസൈലുകൾ തകർത്തു

യുഎഇയിലെ ഫുജൈറയിലുള്ള പെട്രോളിയം വ്യവസായ കേന്ദ്രത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ തീപിടുത്തമുണ്ടായതായി ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു.

ഇറാനിൽ നിന്ന് തൊടുത്ത നാല് മിസൈലുകളിൽ മൂന്നെണ്ണം യുഎഇ പ്രതിരോധ മന്ത്രാലയം വിജയകരമായി തടഞ്ഞു. ബാക്കിയുള്ള ഒരു മിസൈൽ കടലിൽ പതിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളിൽ രണ്ട് തവണ ജനങ്ങളക്ക് ജാഗ്രതാ നിർദ്ദേശം നൽകി. പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു മിസൈൽ ആക്രമണവും സുരക്ഷാ മുന്നറിയിപ്പും ഉണ്ടാകുന്നത്.

വിമാന സർവീസുകൾ തടസ്സപ്പെട്ടു; ദുബായ്, ഷാർജ വിമാനങ്ങൾ വഴിതിരിച്ചുവിടുന്നു

ദുബായ്: ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിലെ പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.

ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്ക് വരേണ്ട വിമാനങ്ങൾ നിലവിൽ നിർത്തിവെച്ചിരിക്കുകയോ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയോ ചെയ്യുന്നതായി വിമാനങ്ങളുടെ തത്സമയ ഗതാഗതം നിരീക്ഷിക്കുന്ന ഫ്ലൈറ്റ്‌റാഡാർ24 റിപ്പോർട്ട് ചെയ്യുന്നു.

ഇറാനിൽ നിന്നുള്ള മിസൈൽ ഭീഷണി നിലനിൽക്കുന്നതിനാൽ മുൻകരുതൽ നടപടിയെന്ന നിലയിലാണ് വിമാനങ്ങൾ വഴിതിരിച്ചുവിടുന്നത്.

ഫുജൈറയിലെ പെട്രോളിയം കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ യുഎഇ മിസൈൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇറാനിൽ നിന്ന് തൊടുത്ത നാല് മിസൈലുകളിൽ മൂന്നെണ്ണം യുഎഇ പ്രതിരോധ മന്ത്രാലയം തകർത്തു.

ഗതാഗത നിയന്ത്രണം വന്നതോടെ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായിലും ഷാർജയിലും നിരവധി വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ട്. യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ സർവീസുകളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ തേടേണ്ടതാണ്. മേഖലയിലെ സംഘർഷാവസ്ഥ സുരക്ഷാ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!