അച്ഛന് പിന്നാലെ മകനും ദേശീയ ടീമിലേയ്ക്ക്: പോർച്ചുഗൽ അണ്ടർ-17 ടീമിൽ ഇടംനേടി റൊണാൾഡോ ജൂനിയർ

News Desk
2 Min Read

ഡോലിസ്ബൺ: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ പോർച്ചുഗൽ അണ്ടർ 17 ടീമിൽ. യുഇഎഫ്എ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിലാണ് ജൂനിയർ ഇടംപിടിച്ചത്. ഇതാദ്യമായാണ് താരം അണ്ടർ 17 ടീമിലേക്ക് പരിഗണിക്കപ്പെടുന്നത്.

പോർച്ചുഗലിൽ ക്രിസ്റ്റ്യാനീഞ്ഞോ എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന റൊണാൾഡോ ജൂനിയർ നിലവിൽ പിതാവ് ക്രിസ്റ്റ്യാനോ കളിക്കുന്ന സൗദി ക്ലബ്ബായ അൽ-നാസറിന്റെ അണ്ടർ 16 ടീമിലാണ് കളിക്കുന്നത്. മുമ്പ് പോർച്ചുഗൽ അണ്ടർ-15, അണ്ടർ-16 ടീമുകളിൽ കളിച്ച ശേഷമാണ് താരം ഇപ്പോൾ അണ്ടർ-17 ടീമിലും ഇടംനേടിയിരിക്കുന്നത്. നവംബറിൽ ഓയിറസിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങളിൽ പോർച്ചുഗൽ മൂന്ന് മത്സരങ്ങൾ കളിക്കും. നവംബർ 11ന് അൻഡോറയ്‌ക്കെതിരെയാണ് ആദ്യ മത്സരം. നവംബർ 14 ന് ബൾഗേറിയയെയും 17ന് സെർബിയയെയും പോർച്ചുഗൽ നേരിടും.

ആരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ?2010 ജൂൺ 17ന് കാലിഫോർണിയയിലെ സാൻ ഡീഗോയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിന്റെ ജനനം. അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ റൊണാൾഡോയുടെ മൂത്ത മകനാണ്. അമേരിക്കയിലാണ് ജനിച്ചതെങ്കിലും അച്ഛന്റെ വഴിയെ അന്താരാഷ്ട്ര തലത്തിൽ പോർച്ചുഗലിനെ പ്രതിനിധീകരിക്കാനാണ് ജൂനിയറിന്റെ തീരുമാനം.യൂറോപ്പിലെ വൻകിട ക്ലബ്ബുകളുടെ അക്കാദമികളിലൂടെയാണ് റൊണാൾഡോ ജൂനിയർ വളർന്നത്. 2021-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കൗമാര ടീമിലും 2023 മുതൽ സൗദി ക്ലബ്ബായ അൽ-നാസറിന്റെ അക്കാദമിയിലും ചേർന്നു. പ്രധാനമായും ഫോർവേഡായാണ് ജൂനിയർ കളിക്കുന്നത്. കളിക്കളത്തിലെ ശൈലിയിലും പൊസിഷനിലും അച്ഛന്റെ തുടക്ക കാലത്തിനോട് ഏറെ സാദൃശ്യമുണ്ട്.

2025 മേയിലാണ് റൊണാൾഡോ ജൂനിയർ ആദ്യമായി പോർച്ചുഗൽ ദേശീയ ടീമിലേക്ക് (അണ്ടർ-15) തിരഞ്ഞെടുക്കപ്പെടുന്നത്. ക്രൊയേഷ്യയിൽ നടന്ന വ്ലാറ്റ്കോ മാർകോവിച്ച് അന്താരാഷ്ട്ര ടൂർണമെന്റിന്റെ ഫൈനലിൽ ക്രൊയേഷ്യക്കെതിരെ ഇരട്ട ഗോളുകൾ നേടി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.പിന്നീട് അണ്ടർ-16 ടീമിലെത്തിയ ജൂനിയർ 9 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടി. രണ്ട് കാറ്റഗറികളിലുമായി ആകെ 13 മത്സരങ്ങളിൽ നിന്ന് 5 ഗോളുകളാണ് താരം സ്വന്തമാക്കിയത്. നിലവിലെ 2026-27 സീസണിൽ അൽ-നാസറിന്റെ അണ്ടർ-16 ടീമിനായി 7 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും റൊണാൾഡോ ജൂനിയർ നേടിയിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!