ഉന്നത ബിരുദം, ഉയർന്ന ശമ്പളത്തിൽ ജോലി, പക്ഷെ, അതേ സ്ഥാപനത്തിൽ താഴ്ന്ന തസ്തികയിൽ ജോലി ചെയ്തിരുന്ന സഹപ്രവർത്തകയുമായി ഉടലെടുത്ത സൗഹൃദം ജീവിതം തകിടം മറിച്ചു; ആലപ്പുഴ സ്വദേശിനി ഗൾഫിൽ പാർക്കിലെ ‘പൊള്ളുന്ന ജീവിതത്തിൽ ദുരിതത്തിൽ’, ജീവൻ നിലനിർത്തുന്നത് ഒരുനേരം ആഹാരം കഴിച്ച്

malayalampress
3 Min Read

ദുബൈ: MBA ബിരുദം, ഉയർന്ന ശമ്പളത്തിൽ ജോലി, എന്നാൽ, പക്ഷെ, അതേ സ്ഥാപനത്തിൽ താഴ്ന്ന തസ്തികയിൽ ജോലി ചെയ്തിരുന്ന ഒരു സഹപ്രവർത്തകയുമായി ഉടലെടുത്ത സൗഹൃദമാണ് ജീവിതം തകിടം മറിച്ചു, ആലപ്പുഴ സ്വദേശിനി ഗൾഫിൽ പാർക്കിലെ ‘പൊള്ളുന്ന ജീവിതത്തിൽ ദുരിതത്തിൽ’, ജീവൻ നിലനിർത്തുന്നത് ഒരുനേരം ആഹാരം കഴിച്ച്….. ദുബൈയിൽ നിന്നുള്ള ഒരു നീറുന്ന വാർത്തയാണിത്.

നാലെ ദുരിതത്തിൽ നിന്ന് മോചനം തേടിയാണ് ആലപ്പുഴക്കാരി പ്രതീക്ഷയോടെ ഗൾഫ് മണ്ണിലേക്ക് വിമാനം കയറിയത്. പക്ഷെ, സ്വന്തം കൂട്ടുകാരിക്ക് താങ്ങാവാനും അഭയം നൽകാനും കരുതിയ ആ നല്ല മനസ്സ് പക്ഷേ, അവർക്ക് സമ്മാനിച്ചത് തീരാത്ത ദുരിതങ്ങളും കടുത്ത വേട്ടയാടലുകളുമായിരുന്നു.

ആലപ്പുഴയിലെ സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ (പരേതരായ) മാതാപിതാക്കളുടെ ഏക മകളാണ് യുവതി. ഹൈദരാബാദിൽ നിന്ന് ഫിനാൻസിൽ എംബിഎ ബിരുദം നേടിയ ശേഷം വിവാഹിതയായെങ്കിലും കടുത്ത പീഡനം ആയിരുന്നു നേരിടേണ്ടി വന്നത്. ഒരു മകൻ പിറന്നിട്ടും പീഡനത്തിന് ശമനമുണ്ടായില്ല. ഒടുവിൽ, ഭർത്താവിന്റെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മകനെപ്പോലും ഉപേക്ഷിച്ച് യുവതിക്ക് ആ വീട്ടിൽ നിന്നും ഓടി രക്ഷപ്പെടേണ്ടി വന്നു. തനിക്കെതിരെ ആക്രമണം തുടരുമെന്ന് ഉറപ്പായതോടെ 2021ലാണ് യുവതി യുഎഇയിലേക്ക് എത്തുന്നത്.

ഇവിടെ പ്രമുഖ ബാങ്കിലും പിന്നീട് മറ്റൊരു ധനകാര്യ സ്ഥാപനത്തിലും ഉയർന്ന ശമ്പളത്തിൽ ജോലി ലഭിച്ചു. എന്നാൽ, അതേ സ്ഥാപനത്തിൽ തന്നേക്കാൾ താഴ്ന്ന തസ്തികയിൽ ജോലി ചെയ്തിരുന്ന ഒരു സഹപ്രവർത്തകയുമായി ഉടലെടുത്ത സൗഹൃദമാണ് ജീവിതം തകിടം മറിച്ചത്.

സാമ്പത്തിക വിഷമതകൾ പറഞ്ഞ സഹപ്രവർത്തകയെ സഹായിക്കാൻ ഈ യുവതി മുന്നോട്ടുവന്നു. സ്വന്തം എമിറേറ്റ്സ് ഐഡിയും ചെക്കുകളും നൽകി ഷാർജ മുവൈലയിൽ സഹപ്രവർത്തകയ്ക്കായി ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്തു നൽകി. വൈകാതെ സഹപ്രവർത്തകയുടെ അമ്മയും യുഎഇയിലെത്തി. എന്നാൽ, 2025ൽ ജോലി നഷ്ടപ്പെട്ടതോടെ ഈ സഹപ്രവർത്തക അമ്മയെയും കൂട്ടി നാട്ടിലേക്ക് മടങ്ങി.

തന്റെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവ് തന്നെയാണ് സാമ്പത്തികക്കെണിയിൽപ്പെടുത്തിയതെന്ന് യുവതി പറയുന്നു. ഫ്ലാറ്റിന്റെ വാടക അടച്ചിരുന്നില്ലെന്ന വിവരം യുവതി വൈകിയാണ് അറിഞ്ഞത്. റിയൽ എസ്റ്റേറ്റ് കമ്പനിക്ക് നൽകിയിരുന്ന മൊബൈൽ ഫോൺ നമ്പർ പിന്നീട് നഷ്ടപ്പെട്ടതിനാൽ വാടക കുടിശ്ശികയെക്കുറിച്ചുള്ള സന്ദേശങ്ങളൊന്നും ലഭിച്ചിരുന്നതുമില്ല. കുടിശ്ശിക പെരുകിയതോടെ റിയൽ എസ്റ്റേറ്റ് കമ്പനി യുവതിക്കെതിരെ കോടതിയെ സമീപിക്കുകയും 15,500 ദിർഹം അടയ്ക്കാൻ കോടതി വിധിക്കുകയും ചെയ്തു. നാട്ടിൽ ജോലി അന്വേഷണം തുടരുന്ന സഹപ്രവർത്തക യുവതിയെ സഹായിക്കുന്ന കാര്യത്തിൽ നിസ്സഹായയാണ്. അവരെ കുറ്റപ്പെടുത്താനില്ല, തന്റെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവ് തന്നെയാണ് സാമ്പത്തികക്കെണിയിൽപ്പെടുത്തിയതെന്ന് യുവതി പറയുന്നു.

കേസ് വന്നതോടെ യുവതിക്ക് ധനകാര്യ സ്ഥാപനത്തിലെ ജോലി നഷ്ടപ്പെട്ടു; ഒപ്പം വീസയും. കൈയിലുള്ള പണമെല്ലാം തീർന്നതോടെ ദിവസങ്ങളോളം ബർ ദുബായ് മൻഖൂലിലെ പാർക്കിലായിരുന്നു പെരുവഴിയിലായ ഈ യുവതിയുടെ ജീവിതം. പാർക്കിലുള്ള ‘സലാജ’(റഫ്രിജറേറ്റർ)യിൽ നിന്നുള്ള സൗജന്യ ഭക്ഷണം കഴിച്ചാണ് വിശപ്പടക്കിയത്. പ്രാഥമികാവശ്യങ്ങൾക്കായി പാർക്കിലെ ശുചിമുറിയെ ആശ്രയിച്ചു.

പൊള്ളുന്ന ചൂടത്ത് പാർക്കിലിരുന്ന യുവതിയുടെ ദുരിതം കണ്ട് മനസ്സലിഞ്ഞ ചിലർ ഇടപെട്ടാണ് കരാമയിലെ ബാച്ചിലർമാർ താമസിക്കുന്ന ഇടത്ത് ഒരു ബെഡ് സ്‌പേസ് സൗജന്യമായി നൽകിയത്. ജോലി അന്വേഷിച്ചെങ്കിലും വീസയില്ലാത്തതിനാൽ ആരും കനിഞ്ഞില്ല. കൂടെ താമസിക്കുന്നവരുടെ ഉദാരമനസ്കത കൊണ്ടാണ് ഇപ്പോഴും ഒരു നേരത്തെ ഭക്ഷണം കഴിച്ചു ജീവൻ നിലനിർത്തുന്നത്. അനധികൃത താമസക്കാരിയായതിനാൽ പൊലീസിന്റെ പിടിവീഴുമോ എന്ന ഭയത്താൽ പുറത്തിറങ്ങാൻ പോലും സാധിക്കാതെ, കണ്ണീർപ്പൊഴിച്ചാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്.

നാട്ടിലും യുഎഇയിലും സാമ്പത്തിക മേഖലയിൽ മികച്ച പ്രവൃത്തിപരിചയമുള്ള തനിക്ക് ആരെങ്കിലും ഒരു ജോലിയും വീസയും നൽകി സഹായിക്കണമെന്നാണ് യുവതി കണ്ണീരോടെ യാചിക്കുന്നത്. ജോലി ലഭിച്ചാൽ റിയൽ എസ്റ്റേറ്റ് കമ്പനിക്കുള്ള കുടിശ്ശിക മാസം തോറും ഗഡുക്കളായി വീട്ടിത്തീർക്കാമെന്ന പ്രതീക്ഷയിലാണവർ.

നാട്ടിൽ തിരിച്ചെത്തിയാൽ താമസിക്കാൻ ഒരു തലചായ്ക്കാനിടം പണിയണമെന്നും പിരിഞ്ഞിരിക്കേണ്ടി വന്ന മകനെ വീണ്ടെടുത്ത് പുതിയൊരു ജീവിതം കെട്ടിപ്പടുക്കണമെന്നുമുള്ള ആഗ്രഹവും ഈ യുവതി പങ്കുവയ്ക്കുന്നു.

മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ചത് 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!