യുക്രെയ്നിലുടനീളം റഷ്യൻ‌ വ്യോമാക്രമണങ്ങൾ: കൊല്ലപ്പെട്ടത് 33 പേർ

News Desk
1 Min Read

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള നിർണായകമായ ചർച്ചകൾ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, യുക്രെയ്നിലുടനീളം റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ വൻ നാശനഷ്ടം. യുക്രെയ്നിലെ കൊമിഷുവാഖ ഗ്രാമത്തിലെ ദുരിതാശ്വാസ കേന്ദ്രത്തിനു നേരെയുണ്ടായ റഷ്യൻ ബോംബാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു.

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ രക്ഷാപ്രവർത്തകർ തുടരുകയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ അടുത്ത ആഴ്ച യുഎഇയിൽ വച്ചാണ് സമാധാന ചർച്ചകൾ നടക്കുന്നത്.

ചൊവ്വാഴ്ച ഖാർകീവിലെ ഒരു ആശുപത്രിക്കു നേരെയും റഷ്യൻ ആക്രമണമുണ്ടായി. ഹൃദയസംബന്ധമായ അസുഖമുള്ള രോഗികൾ ചികിത്സയിലായിരുന്ന വാർഡിനു കേടുപാടുകൾ സംഭവിച്ച ആക്രമണത്തിൽ 73 പേർക്കു പരുക്കേറ്റതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു. കൂടാതെ മറ്റൊരു ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

യുഎസിൽ നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ റഷ്യ വൻ ആക്രമണം തിരഞ്ഞെടുത്തത് ബോധപൂർവമാണെന്ന് ജർമനി സന്ദർശിക്കുന്ന സെലൻസ്കി കുറ്റപ്പെടുത്തി. അമേരിക്ക ഇത് ശ്രദ്ധിക്കില്ലെന്നാണ് റഷ്യ കരുതുന്നത്. എന്നാൽ ഇത്തരം ഭീകരതകൾ ലോകം കാണുകയും തടയുകയും വേണമെന്നും സെലെൻസ്കി പറഞ്ഞു. ഇതിനിടെ മോസ്കോ ലക്ഷ്യമിട്ടെത്തിയ 500 ഓളം ഡ്രോണുകൾ തകർത്തതായി റഷ്യയും അവകാശപ്പെട്ടു. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!