തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച 17കാരൻ എസ്.ആർ. രുദ്രേഷ് ആറുപേർക്ക് പുതുജീവിതം സമ്മാനിച്ച് യാത്രയായി. കരമന മേലാറന്നൂർ ചെക്കിട്ടവിളാകത്ത് വീട്ടിൽ ബി. സുരേഷ് -പി രമ്യാദേവി ദമ്പതികളുടെ മകനും തിരുമല എ.എം.എച്ച്.എസ്.എസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയുമാണ് രുദ്രേഷ്.
രണ്ട് വൃക്കകൾ, പാൻക്രിയാസ്, കരൾ, രണ്ട് നേത്രപടലങ്ങൾ, അബ്ഡോമിനൽ ഫാസിയ, വെസ്സൽസ് എന്നിവയാണ് ദാനം ചെയ്തത്. ഹൃദയം ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ ട്രാൻസ്ഈസോഫേജിയൽ എക്കോകാർഡിയോഗ്രാഫി പരിശോധനയിൽ ഹൃദയം മാറ്റിവെക്കുന്നതിന് യോഗ്യമല്ലെന്ന് കണ്ടെത്തി.
തുടർന്ന് ആ ഘട്ടത്തിൽ ഹൃദയം എടുക്കാൻ സാധിച്ചില്ല. തീരാവേദനക്കിടയിലും അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച കുടുംബത്തിന്റെ മാതൃകാപരമായ തീരുമാനത്തിന് മന്ത്രി കെ. മുരളീധരൻ ആദരവ് അറിയിച്ചു.
ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ രോഗിക്കും രണ്ടാമത്തെ വൃക്കയും പാൻക്രിയാസും തിരുവനന്തപുരം കിംസ് ഹെൽത്തിലെ രോഗിക്കുമാണ് നൽകിയത്. കരൾ, അബ്ഡോമിനൽ ഫെസിയ, വെസ്സൽസ് എന്നിവ കിംസ് ഹെൽത്തിലെ രോഗികൾക്ക് ലഭ്യമാക്കി. നേത്രപടലങ്ങൾ (കോർണിയ) തിരുവനന്തപുരം റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിക്കാണ് കൈമാറിയത്.
ഒക്ടോബർ 26ന് രാത്രി 10.30നും 11നും ഇടയിൽ കരമന – കിള്ളിപ്പാലം റോഡിലായിരുന്നു അപകടം. സുഹൃത്തിനൊപ്പം ബൈക്കിൽ മേലാറന്നൂർ ഭാഗത്തേക്ക് പോകുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ രുദ്രേഷിനെയും സുഹൃത്തിനെയും ഉടൻതന്നെ കരമന, കിള്ളിപ്പാലം പി.ആർ.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ നൽകിയെങ്കിലും രണ്ടിന് വൈകീട്ട് നാലോടെ ഡോക്ടർമാർ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയുമായിരുന്നു.
കെ-സോട്ടോ മുഖേനയാണ് അവയവദാനത്തിന്റെ ഏകോപനവും നടപടിക്രമങ്ങളും പൂർത്തിയാക്കിയത്. എസ്.ആർ. വിഘ്നേഷ്, എസ്.ആർ. അനന്തകൃഷ്ണൻ എന്നിവരാണ് സഹോദരങ്ങൾ.
…….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
