ടെൽ അവീവ്: ഇസ്രായേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണത്തിന് വിരാമമിടാൻ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കുന്നു. മുൻ സൈനിക മേധാവിയും ‘യാഷർ’ പാർട്ടി നേതാവുമായ ഗാഡി ഐസൻകോട്ടിനെ പുതിയ പ്രധാനമന്ത്രിയായി പിന്തുണയ്ക്കാൻ ഇസ്രായേലിലെ പ്രതിപക്ഷ നേതാക്കൾ സംയുക്തമായി തീരുമാനിച്ചു. ഒക്ടോബർ 27-ന് നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് പ്രതിപക്ഷം നീക്കങ്ങൾ ഊർജിതമാക്കിയത്.
മുൻ പ്രധാനമന്ത്രി നഫ്താലി ബനറ്റ്, യെഷ് ആറ്റിദ് പാർട്ടി നേതാവ് യായിർ ലാപിഡ്, യിസ്രായേൽ ബെയ്തേനു നേതാവ് അവിഗ്ദോർ ലീബർമാൻ, ഡെമോക്രാറ്റ്സ് പാർട്ടി നേതാവ് യായിർ ഗോലാൻ എന്നിവരടങ്ങിയ പ്രതിപക്ഷ സഖ്യമാണ് ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ സർക്കാരുണ്ടാക്കാൻ പ്രസിഡന്റ് ഐസക് ഹെർസോഗ് ചർച്ചകൾ ആരംഭിക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കം. 120 അംഗ ഇസ്രായേൽ പാർലമെന്റിൽ കേവലഭൂരിപക്ഷത്തിന് 61 സീറ്റുകൾ ആവശ്യമാണ്. നിലവിൽ നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകളും പ്രതിപക്ഷത്തിന് 48 സീറ്റുകളുമാണുള്ളത്.
അതേസമയം, ബാക്കിയുള്ള 19 സീറ്റുകൾ കൈവശമുള്ള അറബ് സഖ്യകക്ഷികളെ പുതിയ സർക്കാരിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്ത് അഭിപ്രായവ്യത്യാസം തുടരുകയാണ്. അറബ് പാർട്ടികളുടെ പിന്തുണയില്ലാതെ പ്രതിപക്ഷത്തിന് ഭൂരിപക്ഷം തികയ്ക്കാനാവില്ല. എന്നാൽ അറബ് പാർട്ടികളെ ഒപ്പം കൂട്ടുന്നതിനെ ലീബർമാൻ എതിർക്കുമ്പോൾ, അവരെ ഒഴിവാക്കുന്നത് വംശീയതയാണെന്നും നെതന്യാഹുവിനെ പുറത്താക്കാൻ കൈകോർക്കണമെന്നുമാണ് യായിർ ഗോലാന്റെ നിലപാട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
