‘ഇസ്റാഈൽ തിരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ല, രാഷ്ട്രീയപരാജയം മറയ്ക്കാൻ വ്യാജപ്രചാരണം’; ആരോപണങ്ങൾ തള്ളി ഖത്തർ

News Desk
2 Min Read

ദോഹ: ഇസ്രയേലിലെ തിരഞ്ഞെടുപ്പിൽ ഖത്തർ ഇടപെട്ടുവെന്ന ആരോപണങ്ങൾ തള്ളി ഖത്തർ വിദേശകാര്യ മന്ത്രാലയം. ഇസ്രയേലിലെ ചില രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയ പരാജയങ്ങൾ മറച്ചുവെക്കാൻ ഖത്തറിനെ ബലിയാടാക്കുകയാണെന്നും ഇത്തരം വ്യാജ പ്രചാരണങ്ങൾ അസംബന്ധവും അപകടകരവുമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മജീദ് അൽ അൻസാരി പറഞ്ഞു.

തന്റെ എക്സ് അക്കൗണ്ടിലൂടെയായിരുന്നു അൻസാരിയുടെ പ്രതികരണം. “ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ഖത്തർ ഇടപെടുകയോ അതിന്റെ ഫലങ്ങളെ സ്വാധീനിക്കാൻ പണം ചെലവഴിക്കുകയോ ചെയ്തിട്ടുണ്ടെന്ന വാദങ്ങൾ ഞങ്ങൾ പൂർണമായും നിഷേധിക്കുന്നു. ചില ഇസ്രയേലി രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഖത്തറിനെ സ്വന്തം രാഷ്ട്രീയ തർക്കങ്ങളിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുകയാണ്,” അദ്ദേഹം കുറിച്ചു.

ആരോപണങ്ങൾ പരിഹാസ്യവും അപകടകരവുമാണ്. ഇസ്രയേലിലെ ചില രാഷ്ട്രീയ, മാധ്യമ മേഖലകളിൽ ഖത്തറിനോടുള്ള അമിത താത്പര്യമാണ് ഇത്തരം പ്രസ്താവനകളിലൂടെ വെളിവാകുന്നതെന്ന് ഡോ. മജീദ് അൽ അൻസാരി പറഞ്ഞു. ആരോപണങ്ങൾ വിശ്വസിക്കുകയാണെങ്കിൽ ഇസ്രയേൽ മുഴുവൻ ഖത്തറിന്റെ ഉടമസ്ഥതയിലാണെന്ന് പറയേണ്ടിവരുമെന്നും അൻസാരി പരിഹസിച്ചു.

മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഖത്തർ ഇടപെടാറില്ലെന്നും എന്നാൽ, ഇത്തരം വ്യാജ ആരോപണങ്ങൾക്കെതിരെ മിണ്ടാതിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ ഇസ്രയേലിൽ അധികാരത്തിൽവരുന്ന സർക്കാർ പലസ്തീൻ വിഷയം ഗൗരവമായി കാണണമെന്നും 1967-ലെ അതിർത്തികൾ അംഗീകരിച്ച് സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ തയ്യാറാകണമെന്നും അൻസാരി കൂട്ടിച്ചേർത്തു.

ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിൽ വിദേശ രാജ്യങ്ങളുടെ വഴിവിട്ട ഇടപെടലുണ്ടായെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ മേധാവി ഉത്തരവിട്ടിരുന്നു. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിന്റെ തലവൻ ഡേവിഡ് സിനിക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനായ ജസ്റ്റിസ് നോം സോൾബെർഗ് നിർദേശം നൽകിയത്.

ഇതിനിടെ, ‘വോട്ട് തട്ടിയെടുത്തു’ എന്ന ആരോപണമുയർത്തിയ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഷിൻ ബെറ്റും പോലീസും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന വിദേശ സ്ഥാപനങ്ങൾ സാമ്പത്തിക സഹായം നൽകി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചതായി ഗുരുതരമായ സംശയങ്ങൾ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സിനിക്ക് അയച്ച കത്തിൽ സോൾബെർഗ് വ്യക്തമാക്കി. ആരോപണങ്ങളുടെ സത്യാവസ്ഥ സ്ഥിരീകരിക്കാൻ കഴിയില്ലെങ്കിലും വിദേശ ശക്തികൾ ഉൾപ്പെട്ട വിഷയമായതിനാൽ വിശദമായ അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഏതെല്ലാം രാജ്യങ്ങളാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!