മനാമ: ജിസിസി രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും വരുംതലമുറകളുടെ നേട്ടങ്ങളും സംരക്ഷിക്കുന്നതിന് അംഗരാജ്യങ്ങൾക്കിടയിലെ സഹകരണവും ഐക്യദാർഢ്യവും ശക്തമായ അടിത്തറയാണെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) വാർത്താവിതരണ മന്ത്രിമാർ വ്യക്തമാക്കി.
നിലവിലെ പ്രാദേശിക സാഹചര്യങ്ങളിൽ വെല്ലുവിളികളെ നേരിടാൻ ഗൾഫ് ഐക്യം അത്യന്താപേക്ഷിതമാണെന്ന് ബഹ്റൈൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ജിസിസി രാജ്യങ്ങളുടെ പരമാധികാരത്തെയോ നേതാക്കളെയോ ജനങ്ങളെയോ അധിക്ഷേപിക്കുന്നതും ഗൾഫ് കൂട്ടായ്മയ്ക്ക് ആഘാതമുണ്ടാക്കുന്നതുമായ നീക്കങ്ങളെ മന്ത്രിമാർ പൂർണമായും തള്ളിപ്പറഞ്ഞു.
മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും നടക്കുന്ന ലംഘനങ്ങളും വ്യാജപ്രചാരണങ്ങളും നിരീക്ഷിക്കാനും രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ അതത് രാജ്യങ്ങളിലെ നിയമങ്ങൾക്കും ജിസിസി വ്യവസ്ഥകൾക്കും അനുസൃതമായി ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി.
ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കാനും കൃത്യത ഉറപ്പുവരുത്താനും മാധ്യമസ്ഥാപനങ്ങളോടും മാധ്യമപ്രവർത്തകരോടും സോഷ്യൽ മീഡിയ ഉപയോക്താക്കളോടും മന്ത്രിമാർ ആവശ്യപ്പെട്ടു. പരസ്പര സൗഹാർദം നിലനിർത്താനും വ്യാജവും വിദ്വേഷം വളർത്തുന്നതുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും യോഗം ഓർമിപ്പിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
