ദമാം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് താങ്ങാവേണ്ട കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിന്റെ പെൻഷൻ വിതരണം മാസങ്ങളായി മുടങ്ങി കിടക്കുന്നു. നിലവിൽ ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ പെൻഷൻ തുകയാണ് ഗുണഭോക്താക്കൾക്ക് ലഭിക്കാനുള്ളത്. ഇതോടെ പ്രവാസി ജനവിഭാഗങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്.
ഓണത്തോടനുബന്ധിച്ച് സർക്കാർ 32 കോടി രൂപ അനുവദിച്ചതിനെ തുടർന്ന് ജൂലൈ വരെയുള്ള കുടിശ്ശികകൾ തീർത്തിരുന്നു. എന്നാൽ അതിനുശേഷമുള്ള മാസങ്ങളിൽ വിതരണം പൂർണ്ണമായും തടസ്സപ്പെടുകയായിരുന്നു. ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 9.5 ലക്ഷത്തോളം വരുന്ന അംഗങ്ങളിൽ 97,908 പേരാണ് നിലവിൽ പെൻഷൻ ഗുണഭോക്താക്കളായുള്ളത്. ഇവരുടെ കുടുംബങ്ങളാണ് ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്.
ജന്മനാട്ടിൽ തിരിച്ചെത്തിയ പ്രായമായ പ്രവാസികളും അവരുടെ കുടുംബങ്ങളും നിത്യചെലവുകൾക്കും മരുന്നുകൾക്കുമായി ഈ തുകയെ മാത്രമാണ് പ്രധാനമായും ആശ്രയിക്കുന്നത്. പെൻഷൻ മുടങ്ങിയതോടെ ഇവരുടെ ദൈനംദിന ജീവിതം വഴിമുട്ടിയിരിക്കുകയാണ്.
പെൻഷൻ മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിലും ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ വർദ്ധിപ്പിച്ചത് തിരിച്ചെത്തിയ പ്രവാസികൾക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. കൃത്യമായി പെൻഷൻ നൽകാൻ സാധിക്കില്ലെങ്കിൽ, തങ്ങൾ വർഷങ്ങളായി കഷ്ടപ്പെട്ട് ക്ഷേമനിധിയിലേക്ക് അടച്ച തുകയെങ്കിലും തിരികെ നൽകണമെന്ന ശക്തമായ ആവശ്യവുമായി പ്രവാസികൾ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
