പ്രവാസികളുടെ വയറ്റത്തടിച്ച് സർക്കാർ, നോര്‍ക്ക കെയര്‍ പ്രീമിയം മൂന്നിരട്ടിയാക്കി; പ്രീമിയം കൂട്ടാതെ മറ്റ് വഴിയില്ലെന്ന് മുഖ്യമന്ത്രി

malayalampress
5 Min Read
പ്രീമിയം കൂട്ടില്ലെന്ന വാഗ്ദാനം വിശ്വസിച്ച് സ്വകാര്യ പോളിസികള്‍ ഉപേക്ഷിച്ച് പദ്ധതിയില്‍ ചേര്‍ന്ന ലക്ഷക്കണക്കിന് പ്രവാസി മലയാളികളെ ഞെട്ടിച്ച് നോര്‍ക്ക കെയര്‍ (NORKA Care) ആരോഗ്യ ഇന്‍ഷുറന്‍സ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. പ്രായപരിധി അടിസ്ഥാനമാക്കി പുതിയ സ്ലാബുകള്‍ കൊണ്ടുവന്നതോടെ, 5 ലക്ഷം രൂപയുടെ ഫാമിലി ഫ്‌ലോട്ടര്‍ പോളിസി പ്രീമിയം 13,411 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 35,664 രൂപ മുതല്‍ 77,773 രൂപ വരെയായാണ് ഉയര്‍ന്നത്. ജീവിതസായാഹ്നത്തിലും, അസുഖവേളകളിലും വലിയൊരു തുണയാകുമെന്ന് പ്രവാസികള്‍ കരുതിയ പദ്ധതിയാണ് ആകര്‍ഷകമല്ലാതാകുന്നത്.

പദ്ധതിയുടെ പുതിയ അപ്ഡേറ്റുകള്‍👇

2026 നവംബര്‍ 1 മുതല്‍ 2027 ഒക്ടോബര്‍ 31 വരെയുള്ള പുതിയ പോളിസി വര്‍ഷത്തേക്കുള്ള എന്റോള്‍മെന്റ്, പുതുക്കല്‍ നടപടികളാണ് ആരംഭിച്ചത്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഒരേ പ്രീമിയം എന്ന രീതി മാറ്റി, പ്രായപരിധി അടിസ്ഥാനമാക്കിയുള്ള പ്രീമിയം ഘടന വരുന്നതാണ് പ്രധാന മാറ്റം. നേരത്തെയുണ്ടായിരുന്ന നിശ്ചിത കവറേജിനു പകരം 3 ലക്ഷം രൂപ മുതല്‍ 1 കോടി രൂപ വരെ പരിരക്ഷ ലഭിക്കുന്ന 8 സ്ലാബുകളായി പോളിസി വിപുലീകരിച്ചു. കുടുംബ പോളിസികളില്‍ പ്രവാസിയുടെയോ, പങ്കാളിയുടെയോ മാതാപിതാക്കളെയും കൂടി ഉള്‍പ്പെടുത്താനുള്ള വ്യവസ്ഥകള്‍ പുതിയ ഘടനയിലുണ്ട്.

ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു

പ്രായപരിധി തിരിച്ച് പ്രീമിയം നിശ്ചയിച്ചതോടെ മുതിര്‍ന്ന പ്രവാസികളുടെയും, കുടുംബങ്ങളുടെയും പ്രീമിയത്തില്‍ വലിയ തോതിലുള്ള വര്‍ധന വന്നിട്ടുണ്ട്. 5 ലക്ഷം രൂപയുടെ കവറേജുള്ള കുടുംബ ഫ്‌ലോട്ടര്‍ പോളിസിക്ക് (പ്രവാസി + പങ്കാളി + 2 കുട്ടികള്‍) നേരത്തെ 13,411 രൂപയായിരുന്ന ഒറ്റ പ്രീമിയം പ്രായമനുസരിച്ച് കുത്തനെ കൂട്ടി.

  • 51 – 60 പ്രായപരിധിയിലുള്ളവര്‍ക്ക്: 35,664 രൂപ (ഒറ്റയടിക്ക് 22,253 രൂപയുടെ വര്‍ധന)
  • 61 – 70 പ്രായപരിധിയിലുള്ളവര്‍ക്ക്: 44,718 രൂപ
  • 71 – 80 പ്രായപരിധിയിലുള്ളവര്‍ക്ക്: 77,773 രൂപ

വ്യക്തിഗത (Individual) പോളിസിയിലും പ്രായം കൂടുന്തോറും പ്രീമിയം കുത്തനെ ഉയരും.

  • 51 – 60 പ്രായപരിധി: 21,722 രൂപ
  • 61 – 70 പ്രായപരിധി: 28,326 രൂപ
  • 71 – 80 പ്രായപരിധി: 48,279 രൂപ

പുതിയ ഇന്‍ഷുറന്‍സ് സ്ലാബുകളും പ്രീമിയവും

3 ലക്ഷം, 5 ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, 1 കോടി രൂപ എന്നിങ്ങനെ 8 സ്ലാബുകളാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. 3 ലക്ഷം, 5 ലക്ഷം, 10 ലക്ഷം സ്ലാബുകളിലെ പോളിസി ഉടമയ്ക്ക് 10 ലക്ഷം രൂപയുടെ വ്യക്തിഗത അപകട പരിരക്ഷ ലഭിക്കും. 15 ലക്ഷം മുതല്‍ മുകളിലേക്കുള്ള സ്ലാബുകളില്‍ തെരഞ്ഞെടുക്കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുകയ്ക്ക് തുല്യമായ ആക്സിഡന്റ് കവര്‍ ലഭിക്കും. 10 ലക്ഷം മുതലുള്ള ഉയര്‍ന്ന സ്ലാബുകളില്‍ മാതാപിതാക്കളെ ഉള്‍പ്പെടുത്തുമ്പോള്‍ പ്രീമിയം തുക 60,000 രൂപ മുതല്‍ 1.20 ലക്ഷം രൂപ വരെ ഉയരുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.എന്താണ് നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് വിദേശത്തുള്ള പ്രവാസി മലയാളികള്‍ (NRKs), വിദേശത്തു പഠിക്കുന്ന വിദ്യാര്‍ഥികള്‍, ഇതര സംസ്ഥാനങ്ങളിലുള്ള പ്രവാസികള്‍ എന്നിവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി നോര്‍ക്ക റൂട്ട്‌സ് (NORKA Roots) ഏര്‍പ്പെടുത്തിയ സമഗ്ര ആരോഗ്യ- അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണിത്.ദി ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആശുപത്രി കിടത്തിച്ചികിത്സയ്ക്കുള്ള ഗ്രൂപ്പ് മെഡിക്ലെയിം (GMC) പരിരക്ഷയും, ഒപ്പം പോളിസി ഉടമയ്ക്കുള്ള ഗ്രൂപ്പ് പേഴ്സണല്‍ ആക്‌സിഡന്റ് (GPA) പരിരക്ഷയും ഇതിലൂടെ ലഭ്യമാക്കുന്നു. മെഡിക്കല്‍ പരിശോധനകളില്ലാതെ, നിലവിലുള്ള രോഗങ്ങള്‍ക്ക് (Pre-existing diseases) ആദ്യദിനം മുതല്‍ പരിരക്ഷ ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

നിരക്കു വര്‍ധന മലയാളികളെ എങ്ങനെ ബാധിക്കും

സാധാരണ പ്രവാസികള്‍ക്ക് കനത്ത സാമ്പത്തിക ഭാരമാണ് നിരക്ക് വര്‍ധന. തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന ഗള്‍ഫിലെ സാധാരണ പ്രവാസികള്‍ക്കും, പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ മുതിര്‍ന്ന പൗരന്മാര്‍ക്കും ഈ നിരക്ക് വര്‍ധന താങ്ങാനാവാത്ത ബാധ്യതയായി മാറും. സാധാരണക്കാരെ സംബന്ധിച്ച് ചികിത്സ ഏറ്റവും കൂടുതല്‍ ആവശ്യമായി വരുന്ന വാര്‍ധക്യ ഘട്ടത്തില്‍ പ്രീമിയം മൂന്നിരട്ടിയോളം കൂട്ടിയത് പലരെയും പോളിസി പുതുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഇടയാക്കും.പ്രീമിയം കൂട്ടില്ലെന്ന പ്രഖ്യാപനത്തില്‍ വിശ്വസിച്ച് സ്വകാര്യ ഇന്‍ഷുറന്‍സ് ഒഴിവാക്കി നോര്‍ക്കയില്‍ ചേര്‍ന്ന പ്രവാസികള്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്. പ്രവാസികളെ ദ്രോഹിക്കുന്ന അന്യായമായ ഈ നിരക്കുവര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഗള്‍ഫിലെ വിവിധ പ്രവാസി കൂട്ടായ്മകളും സംഘടനകളും ഇതോടകം രംഗത്തെത്തിയിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • സാധുതയുള്ള നോര്‍ക്ക പ്രവാസി ഐ.ഡി (NORKA ID), സ്റ്റുഡന്റ് ഐ.ഡി, അല്ലെങ്കില്‍ എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുള്ളവര്‍ക്ക് മാത്രമേ പോളിസിയില്‍ ചേരാനോ പുതുക്കാനോ സാധിക്കൂ.
  • അപേക്ഷകന്റെ പ്രായപരിധി ഏതെന്ന് മുന്‍കൂട്ടി പരിശോധിച്ച് അതനുസരിച്ചുള്ള കൃത്യമായ പ്രീമിയം തുക മനസിലാക്കി വേണം ഇനി മുതല്‍ സ്ലാബ് തെരഞ്ഞെടുക്കാന്‍.
  • ആശുപത്രിയില്‍ കിടത്തിയുള്ള ക്യാഷ്ലെസ് ചികിത്സാ സൗകര്യം ഇന്ത്യയിലെ നെറ്റ്വര്‍ക്ക് ആശുപത്രികളില്‍ മാത്രമേ ലഭിക്കൂ. കേരളത്തില്‍ 680-ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്താകെ 24,000-ത്തോളം ആശുപത്രികള്‍ ഈ നെറ്റ്‌വര്‍ക്കിലുണ്ട്.
  • റൂം വാടക (സം ഇന്‍ഷുറന്‍സിന്റെ 1% അല്ലെങ്കില്‍ പരമാവധി 5,000 രൂപ), ഐ.സി.യു ചാര്‍ജ് (2% അല്ലെങ്കില്‍ പരമാവധി 10,000 രൂപ), തിമിര ശസ്ത്രക്രിയ (ഒരു കണ്ണിന് 40,000 രൂപ വരെ), ആയുഷ് ചികിത്സകള്‍ എന്നിവയ്ക്കുള്ള ഉപപരിധികള്‍ പോളിസി രേഖകളില്‍ കൃത്യമായി പരിശോധിക്കുക.
  • ഒക്ടോബര്‍ 31-ഓടെ നിലവിലെ പോളിസികള്‍ അവസാനിക്കുന്നതിനാല്‍ തടസമില്ലാത്ത മെഡിക്കല്‍ കവറേജ് ലഭിക്കുന്നതിനായി നോര്‍ക്ക കെയര്‍ പോര്‍ട്ടല്‍ അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴി കൃത്യസമയത്ത് പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.

പ്രീമിയം കൂട്ടാതെ മറ്റ് വഴിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസി ഇൻഷുറൻസ് പ്രീമിയം കൂട്ടാതെ മറ്റ് വഴിയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇൻഷുറൻസ് കമ്പനികൾക്കും വലിയ നഷ്ടമുണ്ടായി. കഴിഞ്ഞ തവണ എടുത്തിരുന്ന ന്യു ഇന്ത്യ ഇൻഷുറൻസ് ക്വട്ടേഷൻ തന്നില്ല. ക്ഷേമനിധിയിൽ 700 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ട്. പ്രവാസി സംഘടനകൾ കൂടി ഇക്കാര്യത്തിൽ ഇടപെടണം. മൂന്നുമാസത്തെ പെൻഷൻ നൽകാനുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം കുത്തനെ വർധിപ്പിച്ച സംസ്ഥാന സർക്കാർ നടപടി പ്രവാസികൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രവാസികളുടെ ചികിത്സാ സുരക്ഷ ലക്ഷ്യമിട്ട് മുൻ സർക്കാരാണ് നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. പുതിയ നിരക്ക് അനുസരിച്ച്, 51 മുതൽ 60 വയസ്സുവരെ പ്രായപരിധിയിലുള്ള പ്രവാസിക്ക് അഞ്ച് ലക്ഷം രൂപയുടെ ഫാമിലി പോളിസിക്ക് അടക്കേണ്ട പ്രീമിയം തുക 35,664 രൂപയായി. നേരത്തെ ഇതേ പോളിസിക്ക് 13,411 രൂപയായിരുന്നു അടക്കേണ്ടിയിരുന്നത്.

(മുകളിൽ പറഞ്ഞ കാര്യങ്ങൾ നിലവിൽ ലഭ്യമായ വാർത്തകളും, റിപ്പോർട്ടുകളും അ‌ടിസ്ഥാനമാക്കിയാണ്. കൂടുതൽ വ്യക്തത വരുത്താവുന്നതാണ്.)

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!