കോഴിക്കോട്: പയ്യോളിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ പൊലീസുകാർക്ക് സസ്പെൻഷൻ. അന്നത്തെ പയ്യോളി എസ്എച്ച്ഒ പി. ബാബുമോൻ, സ്റ്റേഷൻ റൈറ്റർ അബ്ദുൽ ഹമീദ് എന്നിവരെയാണ് കോഴിക്കോട് നോർത്ത് റേഞ്ച് ഐജി സസ്പെൻഡ് ചെയ്തത്.
ഈ വർഷം ജനുവരിയിലാണ് 13കാരി പീഡനത്തിനിരയായ സംഭവത്തിൽ പൊലീസിന് പരാതി ലഭിക്കുന്നത്. ബാബുമോനായിരുന്നു ആ സമയത്ത് പയ്യോളി സ്റ്റേഷൻ ഹൗസ് ഓഫീസർ. കേസിൽ പ്രതിയായ റഫീഖിനെതിരെ പരാതി ലഭിച്ചിട്ടും ഉടനടി അറസ്റ്റ് രേഖപ്പെടുത്താനോ മറ്റു നടപടികളിലേക്ക് കടക്കാനോ പൊലീസ് തയ്യാറായിരുന്നില്ല. ഈ വീഴ്ച മുതലെടുത്ത് പ്രതി വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു.
പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ കാസർകോട് നാർകോട്ടിക് സെൽ സിഐ ആയി സേവനമനുഷ്ഠിക്കുന്ന പി. ബാബുമോനെയും അന്നത്തെ സ്റ്റേഷൻ റൈറ്റർ അബ്ദുൽ ഹമീദിനെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
