പശ്​ചിമേഷ്യൻ സംഘർഷം: കൊല്ലപ്പെട്ടത്​ 22 ഇന്ത്യക്കാർ

News Desk
1 Min Read

റിയാദ്​/ ന്യൂദൽഹി: ഫെബ്രുവരി 28ന്​ ആരംഭിച്ച പശ്​ചിമേഷ്യൻ സംഘർഷത്തിന്​ ശേഷം മിഡിലീസ്റ്റിൽ കൊല്ലപ്പെട്ടത്​ 22 ഇന്ത്യക്കാർ. ഇതിൽ 14 ​പേരും കപ്പൽ ജീവനക്കാരാണെന്ന്​ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സമീപകാലത്ത്​ സൗദി അറേബ്യയിലുണ്ടായ ആക്രമണങ്ങളിൽ രണ്ട്​ പേർ കൊല്ലപ്പെട്ടത്​ അടക്കമുള്ള കണക്കാണിത്​. നൂറോളം ഇന്ത്യക്കാർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ഫെബ്രുവരി 28ന്​ അമേരിക്കയും ഇസ്രായേലും ചേർന്ന്​ ഇറാനെ ആക്രമിച്ച ദിവസം മുതലുള്ള കണക്കാണിത്​.

ഇന്ത്യൻ വിദേശകാര്യ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചത്. മേഖലയിലെ സുരക്ഷാ സാഹചര്യം വഷളാകുന്നതിൽ ഇന്ത്യക്ക് കടുത്ത ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗൾഫ് മേഖലയിലെ ഇന്ത്യൻ പ്രവാസികളുമായും നാവികരുമായും എംബസികളും കോൺസുലേറ്റുകളും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മേഖലയിലെ ഇന്ത്യൻ തൊഴിലാളികളുടെയും നാവികരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ നയതന്ത്ര കാര്യാലയങ്ങൾ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ജൂലൈ 30ന്​ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം 16 ​പേരാണ്​ കൊല്ലപ്പെട്ടിരുന്നത്​. 75 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്​ ശേഷമുള്ള മൂന്ന്​ മാസത്തിനിടെയാണ്​ ആറ്​ പേർ കൂടി കൊല്ലപ്പെട്ടത്​. ഒമാനിൽ എട്ടും യുഎഇയിൽ നാല്​ പേരും കൊല്ല​പ്പെട്ടതായാണ്​ ജൂലൈ 30ലെ കണക്ക്​ വ്യക്​തമാക്കുന്നത്​. കുവൈത്തിൽ രണ്ടും സൗദി അറേബ്യയിൽ മൂന്നും ഇന്ത്യക്കാർക്കാണ്​ ജീവൻ നഷ്ടമായത്​. ഇറാഖിൽ ഒരു ഇന്ത്യക്കാരനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സംഘർഷ മേഖലകളിലെ കപ്പലുകൾക്ക്​ നേരെ നടന്ന ആക്രമണങ്ങളിലാണ്​ ഏറ്റവും കൂടുതൽ ഇന്ത്യക്കാർക്ക്​ ജീവൻ നഷ്ടമായത്​. ഒമാനിലെ മരണങ്ങൾ കപ്പലുകൾക്ക്​ നേരെ നടന്ന ആ​ക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്​. ഹോർമുസിൽ നിരന്തരം ആക്രമണം നടക്കുന്നതിനിടെയാണ്​ ഇന്ത്യൻ നാവികർക്ക്​ ജീവൻ നഷ്ടമായത്​.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!