ഐഫോൺ കസ്റ്റംസ് പിടിച്ചെടുത്തു; വിമാനത്താവളത്തിനുള്ളിൽ കുത്തിയിരുന്ന് പ്രവാസി, ബലം പ്രയോഗിച്ച് പുറത്താക്കി

News Desk
1 Min Read

ദുബായ്: കൊച്ചി – ദുബായിൽ നിന്നു കൊണ്ടുപോയ പുതിയ ഐഫോൺ 18 പ്രോയ്ക്ക് പതിനായിരക്കണക്കിന് രൂപ കസ്റ്റംസ് തീരുവ ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്രവാസി വ്യവസായിയുടെ കുത്തിയിരിപ്പു സമരം.

എജ്യുപോർട്ട് എന്ന വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകനായ അജാസ് മുഹമ്മദാണ് വിമാനത്താവളത്തിൽ പ്രതിഷേധിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് നെടുമ്പാശ്ശേരി പൊലീസ് അജാസിനെതിരെ കേസെടുത്തു.

കൈവശം മറ്റൊരു ഫോൺ കൂടിയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പുതിയ ഐഫോണിന് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടതെന്ന് അജാസ് പറഞ്ഞു.

സ്വന്തം ആവശ്യത്തിനായി കൊണ്ടുവന്ന ഫോണിന് അന്യായമായി ഒരു രൂപ പോലും നൽകില്ലെന്ന് വ്യക്തമാക്കി തുക അടയ്ക്കാൻ വിസമ്മതിച്ചതോടെ ഫോൺ കസ്റ്റംസ് പിടിച്ചെടുക്കുകയായിരുന്നു. ഫോൺ തിരികെ ലഭിക്കാതെ മടങ്ങില്ലെന്ന് പ്രഖ്യാപിച്ച് വിമാനത്താവളത്തിനുള്ളിൽ സമാധാനപരമായി പ്രതിഷേധിച്ച അജാസിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് പുറത്താക്കുകയായിരുന്നു.

75,000 രൂപയ്ക്ക് മുകളിൽ വിലയുള്ള വസ്തുക്കൾക്ക് നികുതി നൽകണമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. എന്നാൽ നിലവിലെ നിയമമനുസരിച്ച് യാത്രയ്ക്ക് അത്യാവശ്യമായ വ്യക്തിഗത വസ്തുക്കൾക്ക് തീരുവ ഇളവുണ്ടെന്നും ഇത്തരത്തിൽ അന്യായമായ തുക ഈടാക്കുന്നത് പ്രവാസികളോടുള്ള നീതികേടാണെന്നും ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഫോൺ തിരികെ ലഭിക്കുന്നതിനായി നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് അജാസിന്റെ തീരുമാനം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!