വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കുന്നു; കടുത്ത യാത്രാപ്രതിസന്ധിയിൽ പ്രവാസികൾ

News Desk
1 Min Read

റിയാദ്: സൗദി അറേബ്യക്ക് നേരെയുണ്ടായ ഹൂതി ആക്രമണങ്ങളെ തുടർന്ന് വിവിധ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കിയതോടെ സൗദി പ്രവാസികൾ കടുത്ത യാത്രാപ്രതിസന്ധിയിൽ.

സുരക്ഷാ കാരണങ്ങളാൽ ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയർ റിയാദിലേക്കും ജിദ്ദയിലേക്കുമുള്ള സർവീസുകൾ താത്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു. റിയാദിലേക്കുള്ള സർവീസുകൾ നവംബർ 30 വരെയും ജിദ്ദയിലേക്കുള്ളവ നവംബർ 10 വരെയുമാണ് റദ്ദാക്കിയത്. നിലവിലെ സാഹചര്യത്തിൽ മറ്റ് ഇന്ത്യൻ വിമാനക്കമ്പനികളും സമാനമായ നടപടി സ്വീകരിച്ചേക്കുമെന്ന ആശങ്കയിലാണ് സൗദിയിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ.

നേരത്തെ ടിക്കറ്റ് എടുത്തവർക്ക് ഏഴ് ദിവസത്തിനകം തുക പൂർണമായി തിരികെ നൽകുമെന്നും സൗജന്യമായി യാത്ര തിയതി പുനഃക്രമീകരിക്കാൻ സൗകര്യമൊരുക്കുമെന്നും ആകാശ എയർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, വിമാനങ്ങൾ ലഭ്യമാകാത്തത് സൗദിയിലുള്ളവരെ സാരമായി വലയ്ക്കുകയാണ്.

ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെച്ചതാണ് സൗദി പ്രവാസികളുടെ യാത്രാദുരിതം ഇരട്ടിയാക്കിയത്. നിലവിൽ സൗദിയ, ഫ്ലൈനാസ്, റിയാദ് എയർ, എയർ അറേബ്യ, ഒമാൻ എയർ തുടങ്ങിയ വിദേശ വിമാനക്കമ്പനികൾ ജിദ്ദ, അൽ ഖസീം, മദീന, ദമാം എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നുണ്ട്.

റിയാദിൽ നിന്ന് ഇന്ത്യയിലേക്ക് നവംബർ 12 വരെ ഫ്ലൈനാസിൽ ബുക്ക് ചെയ്തവർക്ക് ദമാം, അൽ ഖസീം വഴി യാത്ര മാറ്റി ക്രമീകരിക്കാനോ ടിക്കറ്റ് ക്യാൻസൽ ചെയ്യാനോ സൗകര്യമുണ്ട്. കൂടാതെ ദമാം, അൽ ഖസീം എന്നിവിടങ്ങളിൽ നിന്ന് റിയാദിലേക്ക് സൗജന്യ ബസ് സർവീസും ലഭ്യമാക്കിയിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!