ഉച്ചത്തിലുള്ള ഡിജെ മൂലമെന്ന് കുടുംബം: രണ്ട് ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

News Desk
1 Min Read

നവരാത്രി ആഘോഷത്തിനിടെയിലെ ഉച്ചത്തിലുള്ള ഡിജെ മൂലം രണ്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ചെന്ന പരാതിയുമായി കുടുംബം. ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ ജില്ലയിലാണ് സംഭവം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വച്ച ഡിജെ ഗാനങ്ങളുടെ അമിത ശബ്ദവും പ്രകമ്പനവും കാരണമാണ് ആൺകുഞ്ഞ് മരണപ്പെട്ടതെന്നാണ് കുടുംബത്തിന്‍റെ പരാതി. ചൊവ്വാഴ്ച രാത്രി 11:30 ഓടെ ബർഹാനി ടൗണിലാണ് സംഭവം നടന്നത്. 

ചർഗാഹ്വ നദിയിൽ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിന് മുന്നോടിയായി നിരവധി ദുർഗ്ഗാ പൂജ കമ്മിറ്റികൾ തങ്ങളുടെ വിഗ്രഹങ്ങളുമായി രാം ജാനകി ക്ഷേത്രത്തിന് സമീപമുള്ള രാംലീല മൈതാനത്ത് ഒത്തുകൂടിയിരുന്നു. മരിച്ച കുഞ്ഞിന്റെ കുടുംബം താമസിക്കുന്ന വീട് ഈ മൈതാനത്ത് നിന്ന് 30 മീറ്ററിൽ താഴെ മാത്രം അകലെയാണ്. പല ഡിജെ ഗ്രൂപ്പുകളും പരസ്പരം മത്സരിച്ചുകൊണ്ട് നിയമപരിധി കഴിഞ്ഞും അസഹനീയമായും വളരെ ഉച്ചത്തിലാണ് പാട്ടുകൾ വെച്ചിരുന്നതെന്ന് കുഞ്ഞിന്റെ പിതാവ് ജാവേദ് മണിഹാർ ആരോപിച്ചു.

ശബ്ദത്തിന്റെ തീവ്രത കാരണം വീടിനുള്ളിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെടുകയും വീടിന് പുറത്തെ കോൺക്രീറ്റ് മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീഴുകയും ചെയ്തതായി കുടുംബം പറഞ്ഞു. ഘോഷയാത്ര കടന്നുപോകുന്നതിനിടെ കുഞ്ഞിന്റെ ആരോഗ്യം വഷളാകുകയും, പെട്ടെന്നുണ്ടായ അതിശക്തമായ ഒരു ശബ്ദത്തിന് പിന്നാലെ കുഞ്ഞ് പൂർണ്ണമായും അബോധാവസ്ഥയിലാവുകയുമായിരുന്നു.

ശബ്ദപരിധി ലംഘിച്ച സംഘാടകർക്കും ഡിജെ ഓപ്പറേറ്റർമാർക്കും എതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽകി. ധേബറുവ പൊലീസ് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കുഞ്ഞിന് നേരത്തെ തന്നെ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പ്രാദേശിക പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള മെഡിക്കൽ റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ മരണകാരണത്തിൽ അന്തിമ നിഗമനത്തിലെത്താൻ സാധിക്കൂ എന്നുമാണ് പൊലീസ് പറയുന്നത്. 

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!