ബാധയൊഴിപ്പിക്കാനെന്ന വ്യാജേന വയോധികയെ പീഡിപ്പിച്ചു; പ്രതിയുടെ 10 വർഷത്തെ തടവുശിക്ഷ ശരിവെച്ച് കേരള ഹൈക്കോടതി

News Desk
1 Min Read

കൊച്ചി: ദേഹത്ത് കയറിയ ദുർഭൂതങ്ങളെ ഒഴിപ്പിച്ചുതരാമെന്ന് വാഗ്ദാനം നൽകി 73-കാരിയായ വയോധികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 61-കാരനായ പ്രതിയുടെ 10 പത്തുവർഷത്തെ കഠിനതടവ് ശരിവെച്ച് ഹൈക്കോടതി. പ്രതിയുടെ ശിക്ഷ ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീൽ തള്ളിക്കൊണ്ട് ജസ്റ്റിസ് എ. ബദറുദീൻ ആണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്.

സംഭവം നടന്ന തീയതിയിലെ വൈരുദ്ധ്യങ്ങൾ, പരാതി നൽകുന്നതിലുണ്ടായ 19 ദിവസത്തെ കാലതാമസം, ബാഹ്യമായ പരിക്കുകൾ ഇല്ലായ്മ എന്നിവ ചൂണ്ടിക്കാട്ടി സംശയം പ്രകടിപ്പിച്ച പ്രതിയുടെ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ശിക്ഷ ശരിവെച്ചത്.

‘പ്രതി ചെയ്ത കുറ്റകൃത്യങ്ങളുടെ സ്വഭാവവും ഗൗരവവും കണക്കിലെടുക്കുമ്പോൾ, വിധിച്ച ശിക്ഷയിൽ ഇടപെടേണ്ട യാതൊരു ന്യായവുമില്ല. അതിനാൽ, ശിക്ഷാവിധി സ്ഥിരീകരിക്കേണ്ടതാണ്.’ എന്നാണ് ഒക്ടോബർ 12-ന് പുറപ്പെടുവിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കിയിരിക്കുന്നത്. അതിജീവിതയുടെ മൊഴിയെയും അവർക്കൊപ്പം കുറ്റകൃത്യം നടന്ന ദിവസം നടത്തിയ ഫോൺ കോൾ രേഖകളെയും പ്രധാന തെളിവുകളായി കോടതി കണക്കിലെടുത്തു.

കുടുംബാംഗങ്ങളുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളോ പ്രതിയുടെ വാദങ്ങളോ ഇരയുടെ മൊഴിയുടെ വിശ്വാസ്യത തകർക്കുന്നില്ലെന്ന് വിലയിരുത്തിയാണ് കോടതി ശിക്ഷ ഉറപ്പിച്ചത്. ബലാത്സംഗത്തിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, ലൈംഗിക അതിക്രമത്തിന് മൂന്ന് വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ച തൃശ്ശൂർ സ്പെഷ്യൽ കോടതിയുടെ വിധിക്കെതിരെ പ്രതി നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എ. ബദറുദീൻ. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നാണ് ഉത്തരവ്.

ശരീരത്തിൽ ബാഹ്യമായ പരിക്കുകൾ ഇല്ലെന്നത് ഇരയുടെ മൊഴിയെ അവിശ്വസിക്കാൻ കാരണമല്ലെന്ന വാദം തള്ളിയ കോടതി, വൈദ്യപരിശോധനയ്ക്ക് മുമ്പ് പരിക്കുകൾ ഉണങ്ങിയിട്ടുണ്ടാകാമെന്ന ഡോക്ടറുടെ വിശദീകരണമാണ് കണക്കിലെടുത്തത്. കൂടാതെ, സംഭവം നടന്ന ദിവസമായി കോടതി അംഗീകരിച്ച 2022 ഒക്ടോബർ എട്ടിന് പ്രതിയും വയോധികയും തമ്മിൽ മൂന്ന് ഫോൺ കോളുകൾ നടന്നതായി വ്യക്തമാക്കുന്ന ഫോൺ രേഖകളും കോടതി പരിഗണിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!