വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ടു; ഹോട്ടലിൽ വച്ച് പീഡനം: മലയാളി യുവാക്കൾ അറസ്റ്റിൽ

News Desk
1 Min Read

ചെന്നൈ: വേളാങ്കണ്ണിയിൽ വീടുവിട്ടിറങ്ങിയ 15 വയസ്സുകാരായ രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ.

സ്ഥലപരിചയമില്ലാത്ത പുതുക്കോട്ട സ്വദേശിനികളായ പെൺകുട്ടികളെ സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണു പരാതി. നെയ്യാറ്റിൻകര സ്വദേശികളായ അജയ് ആന്റണി (27), വിശാൽ (23) എന്നിവരാണു പിടിയിലായത്.

പഠനത്തിൽനിന്ന് പിന്നാക്കം പോയതിന് വീട്ടുകാർ നിരന്തരം സമ്മർദം ചെലുത്തിയതിന് പിന്നാലെയാണ് പെൺകുട്ടികൾ വീടുവിട്ടിറങ്ങിയത്. നാഗപട്ടണത്തെ വേളാങ്കണ്ണിയിലെത്തിയ ഇവർ കടകളിൽ ജോലി അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് കടൽത്തീരത്ത് സമയം ചെലവഴിക്കുന്നതിനിടെയാണ് വിനോദസഞ്ചാരികളായി എത്തിയ മലയാളി യുവാക്കൾ ഇവരെ പരിചയപ്പെട്ടത്. പിന്നാലെ ഇവർ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചു.

രാത്രി തങ്ങാൻ ഇടം കണ്ടെത്താൻ സഹായിക്കണമെന്ന് പെൺകുട്ടികൾ യുവാക്കളോട് ആവശ്യപ്പെട്ടു. പിന്നാലെ യുവാക്കൾ ഹോട്ടലിൽ മുറിയെടുത്തു. ഇവിടെ വച്ച് പെൺകുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി.

പിറ്റേദിവസം വീണ്ടും ജോലി അന്വേഷിച്ച് പുറത്തിറങ്ങിയ പെൺകുട്ടികളെ വഴിയിൽ വച്ച് ഒരു സ്ത്രീ കണ്ടു. സംശയം തോന്നിയതോടെ ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടികളെ സിങ്കപ്പെൺ ടാസ്ക്ഫോഴ്സ് ചോദ്യം ചെയ്തതോടെയാണു വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ ടിവികെ സർക്കാരിനെ വിമർശിച്ച് ഡിഎംകെ രംഗത്തെത്തി. സർക്കാരിന്റെ നിഷ്ക്രിയത്വം മൂലം സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് ഡിഎംകെ എംപി കനിമൊഴി കുറ്റപ്പെടുത്തി. സർക്കാരിന്റെ ദയനീയ ഭരണപരാജയത്തിന്റെ പ്രതിഫലനമാണ് ഈ സംഭവമെന്നും പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

……

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!