വ്യാജ ഇമെയില്‍ വഴി ഇറ്റാലിയന്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പ്; ലുലു ഗ്രൂപ്പിന് നഷ്ടമായത് 1.64 കോടി രൂപ

News Desk
1 Min Read

കൊച്ചി: ലുലു ഗ്രൂപ്പിനെ വ്യാജ ഇ മെയില്‍ വഴി കബളിപ്പിച്ച് 1.64 കോടി രൂപ തട്ടിയതായി പരാതി. ഇറ്റാലിയന്‍ കമ്പനിയുടെ പേരിലാണ് ആള്‍മാറാട്ടമുണ്ടായത്. സംഭവത്തില്‍ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലുലു ഗ്രൂപ്പുമായി ദീര്‍ഘകാലമായി വ്യാപാരബന്ധമുള്ള ഇറ്റലിയിലെ ‘IE Park S.R.L’ എന്ന കമ്പനിയുടെ ഔദ്യോഗിക ഇമെയില്‍ വിലാസങ്ങളോട് സാമ്യമുള്ള വിലാസങ്ങള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. സെപ്റ്റംബര്‍ രണ്ട് മുതല്‍ 29 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഗെയിമിംഗ് ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ നല്‍കാനുണ്ടായിരുന്ന തുകയാണ് തട്ടിയെടുത്തത്.

വിദഗ്ധമായി വ്യാജ ഇമെയില്‍ ഐഡി സൃഷ്ടിച്ചുകൊണ്ട് ചാറ്റ് ചെയ്താണ് തട്ടിപ്പ് നടത്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകാളായി ‘IE Park S.R.L’ എന്ന ഇറ്റാലിയന്‍ കമ്പനിയില്‍ നിന്നാണ് ഗെയിമിങ് ഉപകരണങ്ങള്‍ ലുലു ഗ്രൂപ്പ് വാങ്ങിയിരുന്നത്. ഇവര്‍ക്ക് പണം നല്‍കാന്‍ ബാക്കി ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ഒരു ഇമെയില്‍ കഴിഞ്ഞമാസം ലുലു ഗ്രൂപ്പിന് ലഭിച്ചിരുന്നു. പിന്നാലെയാണ് തട്ടിപ്പ് നടക്കുന്നത്. കമ്പനിയുമായി സാമ്യമുള്ള മെയില്‍ ഐഡിയില്‍ നിന്നാണ് സന്ദേശങ്ങള്‍ വന്നിരുന്നത്. ഇന്‍വോയിസും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അടക്കം ഇതിനോടൊപ്പം ഉണ്ടായിരുന്നു.

തുടര്‍ന്നാണ് 1,50,500 യൂറോ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് കൈമാറുന്നത്. പിന്നീട് യഥാര്‍ത്ഥ കമ്പനിയുമായി ബന്ധപ്പെടുമ്പോഴാണ് തങ്ങള്‍ക്ക് പണം ലഭിച്ചിട്ടില്ലെന്ന അവര്‍ വ്യക്തമാക്കുന്നത്. പിന്നാലെ ആണ് ഇത് തട്ടിപ്പാണ് എന്ന് മനസിലായത്. ലുലു ഗ്രൂപ്പുമായി ഇറ്റാലിയന്‍ കമ്പനി നടത്തുന്ന ഇടപാടുകളെ കുറിച്ച് കൃത്യമായ അറിയാവുന്ന സംഘമാണ് തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ കൊച്ചി സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വിദേശത്തുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് സൂചനയുണ്ട്.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!