റിംഫ് ജേര്‍ണലിസം ട്രെയിനിങ് പ്രോഗ്രാം ഗ്രാജുവേഷന്‍ സംഘടിപ്പിച്ചു

News Desk 03
2 Min Read

റിയാദ്: പ്രവാസി മലയാളികള്‍‍ക്കായി റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച ജേണലിസം ട്രെയിനിങ് പ്രോഗ്രാം വിജയകരമായി പൂർത്തിയായി. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം വിപുലമായ പരിപാടികളോടെ നടന്നു. മീഡിയ ഫോറം പ്രവര്‍ത്തകരും വിവിധ സമൂഹ്യ സംഘടന ഭാരവാഹികളും കുടുംബിനികളും കുട്ടികളും പങ്കെടുത്ത ‘അക്ഷരോണം, പരിപാടി ഏറെ ശ്രദ്ധേയമായി.

ബത്ഹയിലെ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ആക്ടിങ് പ്രിന്‍സിപ്പല്‍ മൈമൂന അബ്ബാസ് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തനം ഏറെ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴിപ്പെടാതെ സത്യസന്ധമായി വാർത്തകൾ സമൂഹത്തില്‍ എത്തിക്കണമെന്ന് അവര്‍ പറഞ്ഞു. പ്രവാസികള്‍ക്കായി ജേര്‍ണലിസം കോഴ്സ് സംഘടിപ്പിച്ച റിംഫ് ഭാരവാഹികളെ അവര്‍ അഭിനന്ദിച്ചു. മീഡിയ ഫോറം മുമ്പ്‌ നടത്തിയ മീഡിയ ട്രെയിനിങ് കോഴ്സില്‍ പഠിച്ച കാര്യങ്ങള്‍ തന്റെ സ്കൂള്‍ അധ്യാപനത്തില്‍ വളരെ പ്രയോജനം ചെയ്യുന്നതായി അവര്‍ പറഞ്ഞു. റിയാദ് മീഡിയ ഫോറം ആക്ടിംഗ് പ്രസിഡന്റ് ജലീല്‍ ആലപ്പുഴ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

2016-ൽ തുടക്കം കുറിച്ച മീഡിയ ഫോറത്തിന്റെ ജേണലിസം പരിശീലന കോഴ്‌സ്, കാലാനുസൃതമായ മാറ്റങ്ങളോടെയാണ് ഇത്തവണയും നടപ്പിലാക്കിയത്. വാര്‍ത്താ റിപ്പോര്‍ട്ടിങ്, എഡിറ്റിങ് എന്നിവയ്‌ക്കൊപ്പം സിറ്റിസൺ ജേർണലിസം, ഡിജിറ്റല്‍ കണ്ടന്റ് ക്രിയേഷന്‍‍ എന്നിവയും പരിശീലനത്തിൽ ഉള്‍പ്പെടുത്തിയിരുന്നു. വസ്തുതാപരമായ വാര്‍ത്തകള്‍ തിരിച്ചറിയാനും മാധ്യമ അവബോധമുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാനുമാണ് കോഴ്‌സിലൂടെ ലക്ഷ്യമിട്ടതെന്ന് കോഴ്സ് ഡയറക്ടര്‍ നസ്റുദ്ദീന്‍ വി. ജെ പറഞ്ഞു.

കോഴ്സ് പൂര്‍ത്തിയാക്കിയവരില്‍ നടത്തിയ മൂല്യ നിര്‍ണ്ണയത്തില്‍ സീന അജി ഒന്നാം റാങ്കും യൂനുസ് തോട്ടത്തില്‍ രണ്ടാം റാങ്കും ബി. പ്രദീപ് മൂന്നാം റാങ്കും നേടി. മാറുന്ന വാര്‍ത്താ നിര്‍മ്മാണ രീതികളും ദൃശ്യ മാധ്യമ സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തിയ പരിശീലനത്തിന്റെ ഭാഗമായി പഠിതാക്കള്‍ തയാറാക്കിയ വിവിധ ന്യൂസ് ബുള്ളറ്റിനുകളുടെ പ്രദര്‍ശനം ചടങ്ങിൽ ഏറെ ശ്രദ്ധേയമായി. കോഴ്‌സ് വിജയിക്കുന്ന പഠിതാക്കള്‍ക്ക് സഊദി ടൈംസ്, മലയാള മിത്രം, ജി.സി.സി ടൈംസ്, ദര്‍ശന ടിവി തുടങ്ങിയ പ്രമുഖ മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരം ഉണ്ടാകുമെന്ന് മീഡിയ ഫോറം ഭാരവാഹികള്‍ അറിയിച്ചു.

ചടങ്ങിൽ ഷിഹാബ് കൊട്ടുകാട്, സി. പി മുസ്തഫ, സുരേന്ദ്രന്‍ കൂട്ടായി, റഹ്മാന്‍ മുനമ്പത്ത്, അവൈസ് ഇബ്രാഹിം, ഷിബു ഉസ്മാന്‍, നാദിര്‍ഷ റഹ്‌മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പഠിതാക്കളെ പ്രതിനിധീകരിച്ച് സീന അജി, അഡ്വ. എല്‍. കെ അജിത് എന്നിവര്‍ തങ്ങളുടെ പഠനാനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു. കള്‍ച്ചറല്‍ കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പിള്ളി ആമുഖ പ്രഭാഷണം നടത്തി. മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!