ചെന്നൈ: തമിഴ്‌നാട് പൊലീസ് സേനയിൽ അഴിമതിക്കെതിരായ നടപടി ശക്തമാക്കി സർക്കാർ. കൈക്കൂലി ആവശ്യപ്പെടുകയോ കൈപ്പറ്റുകയോ ചെയ്ത വിവിധ സംഭവങ്ങളിൽ ഒരാഴ്ചക്കിടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
ആയിരം മുതൽ പതിനായിരം രൂപവരെ കൈക്കൂലി വാങ്ങിയ കേസുകളിൽ സസ്‌പെൻഷൻ മുതൽ സർവീസിൽ നിന്ന് പിരിച്ചുവിടൽ വരെയുള്ള നടപടികളാണ് ഉണ്ടായിട്ടുള്ളത്. തിരുനെൽവേലി, ചെന്നൈ പ്രദേശങ്ങളിലാണ് ഈ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. പല കേസുകളിലും ആഭ്യന്തര വിജിലൻസ് സെൽ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.
തിരുനെൽവേലി സിറ്റി മേളപാളയം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ സൊർണ രാജ് ആണ് നടപടി നേരിട്ട ഒരാൾ. വാഹന പരിശോധനക്കിടെ രേഖകൾ ശരിയല്ലാത്ത ഇരുചക്ര വാഹനം തടഞ്ഞുനിർത്തി 1,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും, തുക അയച്ചുനൽകാൻ തന്റെ ഗൂഗിൾ പേ നമ്പർ നൽകുകയും ചെയ്തതിനാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്.
ചെന്നൈ നോർത്ത് ബീച്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശിവരാജ്, കോൺസ്റ്റബിൾ വിവേക് എന്നിവരെയും ആഭ്യന്തര വിജിലൻസ് സെൽ അന്വേഷണത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മോഷണം പോയ ഇരുചക്ര വാഹനം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ഗൂഗിൾ പേ വഴി 10,000 രൂപ കൈപ്പറ്റിയെന്ന പരാതിയിലാണ് നടപടി.
മാധവാരം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സബ് ഇൻസ്പെക്ടർക്കെതിരെയും സസ്‌പെൻഷൻ ഉത്തരവായിട്ടുണ്ട്. ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ വിജിലൻസ് സെൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതിനെ തുടർന്നാണിത്.
ഉദ്യോഗസ്ഥർക്കെതിരെയുള്ളതിൽവെച്ച് ഏറ്റവും കടുത്ത നടപടിയായി പുഴൽ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മാരിശ്വരനെ സർവിസിൽനിന്ന് പിരിച്ചുവിട്ടത്. കൈക്കൂലി ആവശ്യപ്പെടുകയും കൈപ്പറ്റുകയും ചെയ്തെന്ന വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് ഈ നടപടി. 2024ൽ അണ്ണാനഗർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴുള്ള ആരോപണങ്ങളാണ് വകുപ്പുതല നടപടിക്രമങ്ങളിലൂടെ സ്ഥിരീകരിച്ചത്. നിരന്തരം കൈക്കൂലി ആവശ്യപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ ഇയാളെ പിരിച്ചുവിട്ടത്.
വിവിധ സാഹചര്യങ്ങളിലാണ് അഞ്ച് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പതിവ് വാഹന പരിശോധന മുതൽ മോഷ്ടിച്ച വാഹനം വിട്ടുനൽകുന്നത് വരെയുള്ള അഴിമതി ആരോപണങ്ങളിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വ്യത്യസ്തമായ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
തമിഴ്‌നാട് പൊലീസ് സേനയിലെ അഴിമതിക്കെതിരെയുള്ള പരിശോധനകൾ തുടരുന്നതിനിടയിലാണ് ഈ സംഭവങ്ങൾ പുറത്തുവന്നിരിക്കുന്നത്. അച്ചടക്ക-വിജിലൻസ് നടപടികൾ നേരിടുന്ന ഉദ്യോഗസ്ഥരുടെ നീണ്ടുപോയ സസ്‌പെൻഷനുകൾ കേസ് അടിസ്ഥാനത്തിൽ പുനഃപരിശോധിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാന പൊലീസ് മേധാവി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
