റിയാദ്: സഊദിയിലെ സ്വകാര്യ ധനകാര്യ മേഖലയിലെ 17 പ്രധാന തസ്തികകളിൽ 50 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. സൗദി ഓർഗനൈസേഷൻ ഫോർ ഓഡിറ്റേഴ്സ് ആന്റ് അക്കൗണ്ടന്റ്സുമായി (SOCPA) സഹകരിച്ചാണ് പുതിയ പരിഷ്കാരം. 2027 മെയ് 23 മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരുന്നത്.
ഫിനാൻഷ്യൽ അനലിസ്റ്റ്, ഫിനാൻഷ്യൽ കൺസൾട്ടന്റ്, ഇൻവെസ്റ്റ്മെന്റ് മാനേജർ, ഫിനാൻഷ്യൽ കൺട്രോൾ സ്പെഷ്യലിസ്റ്റ്, ഇൻവെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റ്, ഫിനാൻഷ്യൽ പ്ലാനിങ് സ്പെഷ്യലിസ്റ്റ്, ഫിനാൻഷ്യൽ പ്രൊഡക്റ്റ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, ട്രഷറി സ്പെഷ്യലിസ്റ്റ്, ക്രെഡിറ്റ് മാനേജർ, ഫിനാൻഷ്യൽ സർവീസസ് കൺട്രോൾ മാനേജർ, ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേറ്റർ, ഗവൺമെന്റ് റവന്യൂ സ്പെഷ്യലിസ്റ്റ്, ഫിനാൻഷ്യൽ ബ്രോക്കറേജ് മാനേജർ, ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ, ഇൻവെസ്റ്റ്മെന്റ് എക്സ്പേർട്ട്, ഫിനാൻഷ്യൽ അഡ്വൈസർ, ഫിനാൻഷ്യൽ എക്സ്പേർട്ട് തുടങ്ങിയവയാണ് സ്വദേശിവൽക്കരണം ബാധകമാകുന്ന തസ്തികകൾ. നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന ധനകാര്യ, നിക്ഷേപ മേഖലകളിൽ പുതിയ തീരുമാനം വലിയ തൊഴിൽ മാറ്റങ്ങൾക്ക് വഴിവെക്കും.
രണ്ടോ അതിലധികമോ ജീവനക്കാർ ഈ തസ്തികകളിൽ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. തീരുമാനം പ്രഖ്യാപിച്ച തീയതി മുതൽ ആറ് മാസത്തെ സാവകാശംസ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ സ്വദേശിവൽക്കരണ നിരക്ക് പൂർത്തിയാക്കാൻ സ്ഥാപനങ്ങൾ തയ്യാറെടുക്കണമെന്ന് അധികൃതർ വ്യക്തമാക്കി. നിയമം നടപ്പിലാക്കുന്ന സ്ഥാപനങ്ങൾക്ക് സ്വദേശി ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിനും പരിശീലനം നൽകുന്നതിനും തൊഴിൽ സ്ഥിരത ഉറപ്പാക്കുന്നതിനുമായി പ്രത്യേക പ്രോത്സാഹന പാക്കേജുകളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമലംഘനങ്ങളും പിഴകളും ഒഴിവാക്കുന്നതിനായി സ്ഥാപനങ്ങൾ മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖ പരിശോധിക്കണമെന്നും, തസ്തികകളുടെ സ്വദേശിവൽക്കരണ നിരക്ക് കണക്കാക്കുന്ന രീതി മനസ്സിലാക്കണമെന്നും അധികൃതർ നിർദേശിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
