ഇസ്‌ലാം നിർഭയത്വവും സമാധാനവും: കുടുംബ സമ്മേളനം സമാപിച്ചു

malayalampress
2 Min Read

ഹായിൽ: ഇസ്‌ലാം നിർഭയത്വവും സമാധാനവും എന്ന പ്രമേയത്തിൽ ദേശീയാടിസ്ഥാനത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സഊദി നാഷണൽ കോഓർഡിനേഷൻ കമ്മിറ്റി നടത്തിവരുന്ന ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി ഹായിലിൽ സംഘടിപ്പിച്ച കുടുംബ സമ്മേളനം ഉജ്ജ്വലമായി സമാപിച്ചു. ഹായിൽ ഇന്ത്യൻ ഇസ്ലാഹി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ കുടുംബ സമേതം ഏറെ മലയാളികൾ പങ്കെടുത്തു.

സമ്മേളനത്തിൽ സന്തുഷ്ട കുടുംബവും പുതിയകാല പ്രതിസന്ധികളും, എന്ന വിഷയത്തെ അധികരിച്ചു കൊണ്ട് ബുറൈദ സഫറ ദഅവാ സെൻ്റർ മലയാള വിഭാഗം പ്രബോധകൻ റഫീഖ് സലഫി ബുറൈദ മുഖ്യ പ്രഭാഷണം നിർവഹിച്ചു കുടുംബങ്ങൾക്കിടയിൽ പരസ്പരം സുഖ ദുഃഖങ്ങൾ പങ്കു വെക്കാത്തതും, യാഥാർത്ഥ്യ ബോധത്തോടെ ആശയ വിനിമയം നടത്താത്തതുമാണ് കുടുംബ ബന്ധങ്ങൾ ശിഥിലമാകാൻ മുഖ്യ കാരണം എന്ന് അദ്ദേഹം പ്രസ്താവിച്ചു. പുതിയ കാലത്ത് കുടുംബ സംവിധാനങ്ങൾ തകർത്തു കളയുന്ന പ്രവണതൾ വർദ്ധിച്ചു വരുന്നത് കരുതിയിരിക്കണമെന്നും അത്തരം പ്രവണതകളെ ഇല്ലാതാക്കാൻ സമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സമാധാനവും നിർഭയത്വവും ഉൽഘോഷിക്കുന്ന മതമായ ഇസ് ലാം, കുടുംബ സംവിധാനത്തെ സമൂഹ നില നിൽപ്പിൻ്റെ അടിസ്ഥാന ഘടകമായി കരുതി രൂപപ്പെടുത്തിയ കൃത്യമായ മാർഗ നിർദ്ദേശങ്ങൾ നാം മാതൃകയായി സ്വീകരിക്കേണ്ടതുണ്ട്. കുടുംബ ഭദ്രതക്ക് അവ അത്യന്താപേക്ഷിതമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

ഹാഇൽ ഹബീബ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ ഹാഇൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബൂബക്കർ ചെറായി അധ്യക്ഷത വഹിച്ചു.

സക്കരിയ ആയഞ്ചേരി ആമുഖ ഭാഷണം നിർവ്വഹിച്ചു. സുധീർ പത്തനാപുരം ഉപസംഹാരം നടത്തി. ഹബീബ് മെഡിക്കൽ സെന്റർ എംഡി നിസാം അലി പാറക്കോട്ട് സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ചു. കരീം പെരുമ്പാവൂർ, ഷിബു കണ്ണനല്ലൂർ, റിയാസ് ചെർപ്പുളശ്ശേരി, നിയാസ് നല്ലളം എന്നിവർ സമ്മേളന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!