ജിദ്ദ – ദീർഘകാലം ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ ഓപ്പൺ സ്കൂൾ വിഭാഗം പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുകയും ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യവുമായിരുന്ന എറണാകുളം ചോറ്റാനിക്കര ഞാളിയത്ത് കോട്ടയത്തുപാറ ജോയ് പോൾ (73) ഹൃദയാഘാതം മൂലം അന്തരിച്ചു. ഉച്ചഭക്ഷണം ശേഷം വീട്ടിൽ വിശ്രമിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം വെട്ടിക്കൽ സെന്റ് തോമസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ നടക്കും. ഇന്ത്യൻ സ്കൂളിലെ അധ്യാപികയായിരുന്ന സുനിത (മിന) ആണ് ഭാര്യ. മക്കൾ: കോളിൻ (യുകെ), നോയൽ. മരുമകൻ: അജയ്.
സഊദി അറേബ്യയിലെ പ്രവാസി ഇന്ത്യക്കാരുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും അവരുടെ കലാ സാംസ്കാരിക കഴിവുകൾ വളർത്തുന്നതിനും ജോയ് പോൾ വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടുന്നതാണ്. വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായാണ് ഓപ്പൺ സ്കൂൾ എന്ന സംവിധാനത്തിന് അദ്ദേഹം തുടക്കമിട്ടത്. സ്കൂൾ സൗകര്യമില്ലാത്ത പ്രദേശങ്ങളിലെ പ്രവാസികളുടെ മക്കൾക്ക് ഇത് ഏറെ പ്രയോജനം ചെയ്തു. ഇന്ത്യൻ എംബസി സ്കൂളുകളിൽ പ്രവേശനം ലഭിക്കാത്തവർക്കും വിവിധ കാരണങ്ങളാൽ പഠനം മുടങ്ങിയവർക്കും തുടർപഠനത്തിനുള്ള അവസരമാണ് ഇതിലൂടെ കൈവന്നത്.
സഊദിയിലെത്തുന്നതിന് മുമ്പ് കോട്ടയം ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ അധ്യാപകനായിരുന്നു. സഊദിയിൽ ഇന്ത്യൻ സ്കൂളുകളുമായി ബന്ധപ്പെട്ട് നാല് പതിറ്റാണ്ടോളം കാലം പ്രവർത്തിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷവും സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു. ജിദ്ദ കേരള കലാസാഹിതി സ്ഥാപകാംഗമായ ജോയ് പോൾ സംഘടനയുടെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സഊദി എറണാകുളം റസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരി ഭാരവാഹിയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
