ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്ത 5 പേരും കോൺഗ്രസ് അനുഭാവികൾ. കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ജോൺസൺ ഏബ്രഹാം നൽകിയ പരാതിയിലാണു കഴിഞ്ഞ ദിവസം ആലപ്പുഴ സൈബർ പൊലീസ് കേസെടുത്തത്.
പരാതിയിൽ ചൂണ്ടിക്കാട്ടിയ 5 സമൂഹമാധ്യമ പ്രൊഫൈലുകൾക്കെതിരെയാണ് കേസ്. അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ മെറ്റയിൽ നിന്നു തേടിയിട്ടുണ്ട്.
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ.സിക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാൻ രണ്ടു മാസത്തോളം വൈകിയത് ആക്ഷേപങ്ങൾക്കു വഴിവച്ചിരുന്നു. സൈബർ ആക്രമണത്തിനു പിന്നിൽ കോൺഗ്രസ് അനുകൂലികളാണെന്ന വിവരം കൂടി പുറത്തുവന്നതോടെ സൈബറിടത്തിലെ കോൺഗ്രസ് ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്കു കടന്നേക്കും.
കഴിഞ്ഞ ജൂലൈ 20നാണ് ജോൺസൺ ഏബ്രഹാം ഡിജിപിക്കു പരാതി നൽകിയത്. രണ്ടു മാസമായിട്ടും നടപടി ഉണ്ടാകാതിരുന്നതോടെ മന്ത്രി രമേശ് ചെന്നിത്തലയ്ക്കു പരാതി നൽകി. അദ്ദേഹം സൈബർ പൊലീസിന്റെ ചുമതലയുള്ള ഐജിയെ അന്വേഷണം ഏൽപിച്ചു. ഇതിനു പിന്നാലെയാണ് സൈബർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
സിജു സാമുവൽ, കെ.പി.ഹംസ, ജാഫർ കെ.അലിയാർ, അബ്ദുൽ ഖാദർ റെഷി, പി.സി.പുലാമന്തോൾ എന്നീ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നു കെ.സിയെ അധിക്ഷേപിക്കുന്ന പ്രചാരണമുണ്ടായി എന്നായിരുന്നു ജോൺസൺ ഏബ്രഹാമിന്റെ പരാതി. ഈ പ്രൊഫൈലുകളുടെ ഉടമകൾക്കെതിരെയാണു കേസെടുത്തത്. കലാപം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുന്നതിനെതിരെയുള്ള വകുപ്പ് (ബിഎൻഎസ് 192) ചുമത്തിയാണു കേസ് റജിസ്റ്റർ ചെയ്തത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
