തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനത്തിന്റെ പുതുമാതൃക. മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്തു. കൊല്ലം കൊട്ടാരക്കര സ്വദേശിയും കൊല്ലം കലക്ടറേറ്റിലെ റിട്ട. റവന്യൂ ജീവനക്കാരനുമായ രാധാകൃഷ്ണൻ പോറ്റി (67)യുടെ അവയവങ്ങളാണ് ദാനം ചെയ്തത്.
തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം 21നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ശനി വൈകിട്ടോടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പിന്നാലെ കുടുംബം അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.
വൃക്കകൾ, കരൾ, ചർമം, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക കിംസ് ആശുപത്രിയിൽ നിന്ന് ഗ്രീൻ കോറിഡോറിലൂടെ ആംബുലൻസ് മാർഗം കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചു. ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലും ചർമം തിരുവനന്തപുരം മെഡിക്കൽ കോളേജിലും കണ്ണുകൾ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലും നൽകും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
