ദമാമിൽ നിന്ന് എയർ അറേബ്യയുടെ പുതിയ സർവ്വീസ് നാളെ മുതൽ; ബുക്കിംഗ് ആരംഭിച്ചു, 96 റിയാൽ മുതൽ ടിക്കറ്റുകൾ 

malayalampress
1 Min Read

ദമാം: കിഴക്കൻ സഊദിയിലെ ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമാക്കി ആരംഭിച്ച എയർ അറേബ്യയുടെ പുതിയ ആഭ്യന്തര സർവീസുകൾ നാളെ (സെപ്റ്റംബർ 20) ആരംഭിക്കും. UAE യിലെ ഷാർജ ആസ്ഥാനമായുള്ള ബജറ്റ് എയർലൈൻസിന്റെ പുതിയ ചുവടുവെപ്പ് സഊദി വ്യോമയാന രംഗത്തിനും യാത്രക്കാർക്കും ഏറെ ആശ്വാസകരമാകും.

ആദ്യഘട്ടത്തിൽ പ്രാദേശിക സർവ്വീസുകൾ സെക്റ്ററുകളിലേക്ക്

ദമാമിൽ നിന്ന് ആദ്യഘട്ടത്തിൽ പ്രാദേശിക സെക്റ്ററുകളിലേക്ക് ആയിരിക്കും സർവ്വീസുകൾ. തലസ്ഥാന നഗരിയായ റിയാദ്, ജിദ്ദ, മദീന എന്നീ പ്രധാന നഗരങ്ങളിലേക്കാണ് സർവീസുകൾ ഉള്ളത്. റിയാദിലേക്കും ജിദ്ദയിലേക്കും ദിവസേന രണ്ട് സർവീസുകളും, മദീനയിലേക്ക് ഓരോ സർവീസുമാണ് ഉണ്ടാകുക.

96 റിയാൽ മുതൽ ടിക്കറ്റുകൾ

സഊദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഇളവുകളും ഓഫറുകളുമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 96 റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. അടുത്ത വർഷം മാർച്ച് വരെ ഉപയോഗിക്കാവുന്ന രീതിയിലാണ് വിവിധ ആഭ്യന്തര വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.

എയർ അറേബ്യ – സഊദി

യുഎഇ- ഷാർജ ആസ്ഥാനമായുള്ള ലോ കോസ്റ്റ് എയർലൈൻ കമ്പനിയായ എയർ അറേബ്യ ഗ്രൂപ്പിനൊപ്പം  നെസ്മ ഗ്രൂപ്പ് (സൗദി ഇൻവെസ്റ്റ്‌മെന്റ് കമ്പനി), കെയുഎൻ (KUN) ഹോൾഡിങ് കമ്പനി എന്നിവ ഉൾപ്പെടുന്ന ഒരു കൂട്ടായ്മയുടെ (Consortium) കീഴിലാണ് എയർലൈൻ പ്രവർത്തിക്കുന്നത്. സൗദിയിലെ വ്യോമയാന നിയമങ്ങൾക്ക് വിധേയമായി, ദമാം കേന്ദ്രമായി രൂപീകരിച്ച പുതിയ കമ്പനിയുടെ ഭൂരിഭാഗം ഓഹരി പങ്കാളിത്തവും സഊദി ഉടമസ്ഥതയിലാണ്.

സഊദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായി പ്രവർത്തനമാരംഭിക്കുന്ന കമ്പനി 2030 ഓടെ ക്രമാനുഗതമായി 24 ആഭ്യന്തര റൂട്ടുകളും 57 രാജ്യാന്തര റൂട്ടുകളും ഉൾപ്പെടെ ആകെ 81 ലക്ഷ്യസ്ഥാനങ്ങളിലേക്കു സർവീസ് നടത്താനാണ്  ഉദ്ദേശിക്കുന്നത്.

പ്രതിവർഷം ഏകദേശം 10 ദശലക്ഷം യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്. ഒപ്പം യാത്രാ വിമാനങ്ങളുടെ എണ്ണം 45 ആയി ഉയർത്തുന്നതിനും ലക്ഷ്യമിടുന്നു. കിഴക്കൻ പ്രവിശ്യയിലെ ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകുന്നതിനൊപ്പം 2,400-ലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!