ബിസിനസ് ഡസ്ക്: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് വിജയസാധ്യതയെന്ന സൂചനകൾ ഏഷ്യൻ ഓഹരി വിപണികളിൽ കനത്ത ഇടിവുണ്ടാക്കി. എഐ മേഖലയിൽ നിയന്ത്രണങ്ങൾ ശക്തമാകുമെന്ന ആശങ്കയിൽ ടെക്നോളജി ഓഹരികളിൽ വൻ വിൽപ്പന സമ്മർദമുണ്ടായി. ജപ്പാന്റെ നിക്കെയ് ഉൾപ്പെടെയുള്ള പ്രധാന സൂചികകൾ ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണു.
ഏഷ്യന്‍ ഓഹരി വിപണികളില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് വിജയ സാധ്യതയെന്ന ആദ്യ സൂചനകള്‍ പുറത്തുവന്നതോടെ ടെക്നോളജി ഓഹരികളില്‍ ശക്തമായ വില്‍പ്പന സമ്മര്‍ദമുണ്ടായി. ഇതോടെ ഏഷ്യയിലെ പ്രധാന ഓഹരി സൂചികകള്‍ ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണു. ഡെമോക്രാറ്റുകള്‍ക്ക് മേല്‍ക്കൈ ലഭിച്ചാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ നിയന്ത്രണങ്ങള്‍ ശക്തമാകുമെന്നും, ഇത് ഏഷ്യയിലെ ടെക് അധിഷ്ഠിത വിപണികളിലേക്കുള്ള എഐ നിക്ഷേപത്തിന്റെ വേഗം കുറയ്ക്കുമെന്നുമുള്ള ആശങ്കയാണ് വിപണിയെ ബാധിച്ചത്.
ഏഷ്യന്‍ സൂചികകളില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ജപ്പാന്റെ നിക്കെയ് 225 ആണ്. സൂചിക 4 ശതമാനത്തിലേറെ ഇടിഞ്ഞു. എം എസ് സി ഐ ഏഷ്യ പസഫിക് സൂചിക 2.3 ശതമാനം വരെ ഇടിഞ്ഞു. ടെക്നോളജി മേഖലയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ദക്ഷിണ കൊറിയയുടെ കോസ്പി 4 ശതമാനം ഇടിഞ്ഞു. തായ്വാനിലും ജപ്പാനിലും ഓഹരികള്‍ താഴ്ന്നു.
യുഎസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ക്ക് കൂടുതല്‍ നിയന്ത്രണം ലഭിച്ചാല്‍, പ്രത്യേകിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികള്‍ക്ക് മേല്‍ കര്‍ശനമായ പരിശോധനയും നിയന്ത്രണങ്ങളും വരുമെന്നാണ് നിക്ഷേപകരുടെ വിലയിരുത്തല്‍. എഐ കമ്പനികളിലേക്ക് ഒഴുകുന്ന കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപത്തിന് മതിയായ വരുമാനം ലഭിക്കുമോ എന്ന ആശങ്ക ഏഷ്യന്‍ വിപണികളില്‍ നേരത്തെ തന്നെയുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
