സഊദിയിലെ അൽ അഹ്സയിൽ വൻ വാഹനാപകടം; കുടുംബത്തിലെ 7 പേർ ഉൾപ്പെടെ 9 പേർക്ക് ദാരുണാന്ത്യം
ദമാം: കിഴക്കൻ സഊദിയിലെ അൽ അഹ്സയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ 9 പേർ മരണപെട്ടു. ഇതിൽ ഏഴു പേരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. അൽ അഹ്സയിലെ അൽ ഉഖൈർ-അൽ ഉയൂൻ റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ദാരുണ മരണങ്ങൾ.
ഒരേ കുടുംബത്തിലെ ഏഴ് അംഗങ്ങളുൾപ്പെടെ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ഈ സംഭവം വലിയ ദുഃഖവും വേദനയും പടർത്തിയിരിക്കുകയാണ്.
അപകടസ്ഥലത്ത് സിവിൽ ഡിഫൻസ്, റെഡ് ക്രസന്റ്, ട്രാഫിക് വിഭാഗങ്ങൾ എത്തിച്ചേർന്നാണ് തകർന്ന രണ്ട് വാഹനങ്ങളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അധികൃതർ പൂർത്തിയാക്കിവരികയാണ്. എന്നാൽ, അപകടകാരണത്തെക്കുറിച്ചോ സാഹചര്യങ്ങളെക്കുറിച്ചോ ഇതുവരെ കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
അൽ അഹ്സ ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളെ തീരപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാതകളിലൊന്നാണ് അൽ-ഉഖൈർ-അൽ-ഉയൂൻ റോഡ്. അതിവേഗ ഗതാഗതമുള്ള ഇത്തരം പാതകളിൽ വാഹനമോടിക്കുമ്പോൾ ട്രാഫിക് നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ഇത്തരം മാരകമായ അപകടങ്ങൾ വീണ്ടും ഓർമ്മിപ്പിക്കുന്നു.
മോശം വെളിച്ചം, തീവ്രമായ വളവുകൾ, കനത്ത ഗതാഗതം, ട്രക്കുകൾ എന്നിവ കാരണം ഈ റോഡിൽ നിരവധി മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒരു ഇരട്ടവരി പാത നിർമ്മിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർ ശ്രദ്ധിക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു.
മരണമടഞ്ഞവരുടെ മേൽ ദൈവം കരുണ ചൊരിയുകയും അവർക്ക് സ്വർഗ്ഗം നൽകുകയും ചെയ്യട്ടെ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
